തൃശൂരില്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണസംഖ്യ 13 ആയി, 5 പേരുടെ നില ഗുരുതരം

Update: 2026-04-21 14:12 GMT

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ ശാലയിലെ സ്‌ഫോടനത്തില്‍ മരണം 13 ആയി. 13 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അവരില്‍ 5 പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്റിലേറ്ററിലാണ്. 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്.

5 ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 5 പുരകള്‍ പൂര്‍ണമായി കത്തി നശിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ ഇനിയും പൊട്ടാതെ കിടക്കുന്നതായുള്ള സൂചനയുണ്ട്. അപകടത്തില്‍ പെട്ടവരിലേറെയും മുണ്ടത്തിക്കോട് - കുണ്ടന്നൂര്‍ സ്വദേശികളാണ്. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസെന്‍സി മുണ്ടത്തിക്കോട് സതീശന്റെ നില അതീവ ഗുരുതരമെന്ന വിവരം പുറത്തുവരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ 50 ലക്ഷം രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചു.

ശരീരഭാഗങ്ങള്‍ മൃതദേഹങ്ങളായിട്ടാണ് കണക്കാക്കുന്നത് എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ ഫോറെന്‍സിക്ക് വിഭാഗത്തിന് പരിശോധനക്ക് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉള്‍പ്പടെയുള്ള പ്രത്യേക ക്രമീകരണം സജ്ജീകരിച്ചിട്ടുണ്ട്.

അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടിരിക്കുകയാണ്. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. ആദ്യ സ്‌ഫോടനം നടന്നത് 3.30നാണ്. ഇപ്പോഴും പ്രദേശത്ത് പൊട്ടിത്തെറി തുടരുകയാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംഭവസ്ഥലത്ത് കണ്‍ട്രോള്‍ റൂം തുറന്നു നമ്പര്‍: 8075011853. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ കൂടി തുറന്നിട്ടുണ്ട്. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620 തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226

Tags: