ബാലഭാസ്‌കറിന്റെ അപകട മരണം: പോലിസ് വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തി തെളിവെടുത്തു

ബാലഭാസ്‌കറിനായി കൂത്തമ്പലത്തില്‍ നടന്ന ചടങ്ങുകളുടെ വിശദ വിവരങ്ങള്‍ സംഘം ജീവനക്കാരില്‍ നിന്നു ശേഖരിച്ചു.

Update: 2019-06-07 04:50 GMT

തൃശൂര്‍: ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വടക്കുംനാഥ ക്ഷേത്രത്തിലെത്തി തെളിവെടുപ്പു നടത്തി. ബാലഭാസ്‌കറിനായി കൂത്തമ്പലത്തില്‍ നടന്ന ചടങ്ങുകളുടെ വിശദ വിവരങ്ങള്‍ സംഘം ജീവനക്കാരില്‍ നിന്നു ശേഖരിച്ചു.

ക്ഷേത്രത്തില്‍ ചെലവഴിച്ച സമയം, നടത്തിയ വഴിപാട്, കൂടെ അനുഗമിച്ചവര്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിച്ചത്. ക്രൈംബ്രാഞ്ച് എസിപി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വടക്കുനാഥന്‍ ക്ഷേത്ര ഓഫിസിലെത്തി പൂജാവിവരങ്ങളും അവിടെ നിന്നു മടങ്ങിയതടക്കമുള്ള കാര്യങ്ങളിലും മാനേജരോടു വിവരങ്ങള്‍ ആരാഞ്ഞു. ബാലഭാസ്‌കറും കുടുംബവും താമസിച്ച സ്വകാര്യ ഹോട്ടലിലും പരിശോധന നടത്തി. പുറപ്പെട്ട സമയം, എത്തിയ സമയം എന്നിവയിലും മൊഴിയെടുത്തു. അപകടവേളയില്‍ കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ തൃശൂര്‍ സ്വദേശിയാണ്. വാഹനം ഓടിച്ചത് ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പരസ്പരവിരുദ്ധമായാണ് അര്‍ജുനനും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കുകയാണ് പ്രഥമ ലക്ഷ്യം.

കഴിഞ്ഞ സെപ്തം 25ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം രാത്രിയോടെയാണ് ബാലഭാസ്‌കറും കുടുംബവും തിരുവനന്തപുരത്തേക്കു മടങ്ങിയത്. ഈ യാത്രയിലാണ് വാഹനപകടത്തില്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും മരിച്ചത്.

ഇന്ന് പാലക്കാട് പൂന്തോട്ടം ആയുര്‍വേദാശ്രമം ഉടമകളുടെ മൊഴിയെടുക്കും. നിരവധി അഭ്യൂഹങ്ങളാണ് മരണവുമായി ബന്ധപ്പെട്ടു പരന്നത്. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പിതാവ് കെ സി ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

ബാലഭാസ്‌കറിന്റെ മാനേജരായി പ്രവര്‍ത്തിച്ച പ്രകാശന്‍ തമ്പിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വാര്‍ത്ത വന്നതോടെ പലരും സംശയമുനയിലായി. ഇതിനിടെ അപകടം നടന്ന സ്ഥലത്തുനിന്നു രണ്ടുപേര്‍ ദുരൂഹ സാഹചര്യത്തില്‍ കടന്നുകളഞ്ഞുവെന്ന വാദവുമായി കലാഭവന്‍ സോബി രംഗത്തുവന്നതോടെയാണ് ക്രൈംബ്രാഞ്ച് തലനാരിഴ കീറിയുള്ള പരിശോധനയിലേക്കു നീങ്ങിയത്.

Tags: