തമിഴ്‌നാട് സ്വദേശിയുടെ മരണം: കെ സ്വിഫ്റ്റ് ബസ് പോലിസ് കസ്റ്റഡിയിലെടുത്തു

സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് തമിഴ്‌നാട് സ്വദേശിയായ പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Update: 2022-04-14 16:21 GMT

പ്രതീകാത്മക ചിത്രം

തൃശൂര്‍: കുന്നംകുളത്ത് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് പോലിസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ വീണുകിടന്നയാളെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവര്‍ പോലിസിന് നല്‍കിയ മൊഴി. ബസ് നിര്‍ത്താതെ പോയത് അതിനാലാണെന്നും ഡ്രൈവര്‍ വിശദീകരിക്കുന്നു.

തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് കുന്നംകുളം മലായ ജങ്ഷനില്‍ വെച്ച് പുലര്‍ച്ചെ 5.30തിനാണ് അപകടത്തില്‍പ്പെട്ടത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് തമിഴ്‌നാട് സ്വദേശിയായ പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പിന്നീട് പോലിസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബസ് ഇടിക്കുന്നതിന് മുമ്പ് മറ്റൊരു പിക്കപ്പ് വാന്‍ പരസ്വാമിയെ ഇടിച്ചതായി വ്യക്തമായി. ഈ അപകടത്തില്‍ റോഡിലേക്ക് വീണ പരസ്വാമിയുടെ കാലുകളിലൂടെ തൊട്ടു പിറകെയെത്തിയ സ്വിഫ്റ്റ് ബസിന്റെ പിറകിലെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ ബസിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇത് അപകടം നടന്ന വിവരം അറിയാതിരുന്നതിനാലാണെന്ന് ഡ്രൈവര്‍ വിശദീകരിക്കുന്നു. ആദ്യം അപടകമുണ്ടാക്കിയ പിക്കപ്പ് വാന്‍ തൃശൂര്‍ വെള്ളറക്കാട് സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാനും സ്വിഫ്റ്റും അമിതവേഗത്തിലാണ് പോയിരുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം. പരസ്വാമിയുടെ മരണത്തിന് ഇരുവാഹനങ്ങളും കാരണമായിട്ടുണ്ടെന്നാണ് പോലിസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവണ്ടികളുടെയും ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തതായി കുന്നംകുളം പോലിസ് അറിയിച്ചു.

Tags:    

Similar News