സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനെത്തിയ 10 വയസ്സുകാരിയുടെ മരണം: സംഘാടകര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം- പി ജമീല

Update: 2022-12-22 13:54 GMT

തിരുവനന്തപുരം: ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിനെത്തിയ കേരളാ ടീമിലെ 10 വയസ്സുകാരി നാഗ്പൂരില്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. സംഘാടകരുടെ കുറ്റകരമായ അനാസ്ഥയാണ് ആലപ്പുഴ സ്വദേശിനിയായ നിദ ഫാത്തിമയുടെ മരണത്തിന് കാരണമായത്. കോടതി ഉത്തരവ് നേടിയാണ് സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരള നിദ ഫാത്തിമ ഉള്‍പ്പെടെയുള്ള കുട്ടികളെ മല്‍സരത്തിനെത്തിച്ചത്. മല്‍സരത്തില്‍ പങ്കെടുപ്പിക്കാന്‍ മാത്രമാണ് കോടതി നിര്‍ദേശമെന്നും താമസ സൗകര്യം ഏര്‍പ്പെടുത്താനാവില്ലെന്നുമുള്ള സംഘാടകരുടെ നിലപാടാണ് കുരുന്നു പെണ്‍കുട്ടിയുടെ ദാരുണമരണത്തിലേക്ക് നയിച്ചത്.

സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലികമായ പരിമിത സൗകര്യം മാത്രമായിരുന്നു ഈ കുട്ടിയ്ക്കുണ്ടായിരുന്നത്. അവിടെ വച്ച് ഛര്‍ദ്ദിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേയ്ക്ക് നടന്നുപോയ കുട്ടിയുടെ മരണം ഹൃദയാഘാതത്തെത്തുടര്‍ന്നാണെന്ന നാഗ്പൂര്‍ ശ്രീകൃഷ്ണ ആശുപത്രി അധികൃതരുടെ വാദം കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന സംശയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്താനും സംഘാടകരുടെ അനാസ്ഥയ്‌ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പി ജമീല ആവശ്യപ്പെട്ടു.

Tags:    

Similar News