ക്രിസ്ത്യന്‍ പുരോഹിതനെതിരായ മാര്‍ച്ചില്‍ ഡിസിപിക്കെതിരേ വര്‍ഗീയ പരാമര്‍ശം; ബജ്‌റംഗ്ദള്‍ നേതാവടക്കം 100 പേര്‍ക്കെതിരേ കേസ്

Update: 2021-10-20 17:23 GMT

ഹുബ്ലി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ പുരോഹിതനെതിരേ സംഘടിപ്പിച്ച മാര്‍ച്ചില്‍ ഹൂബ്ലി ഡിസിപിക്കെതിരേ വര്‍ഗീയ പരാമര്‍ശം.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന ക്രൈസ്തവ പുരോഹിതന്‍ സാമുവലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലിസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഡിസിപിക്കെതിരേ സംഘപരിവാര്‍ നേതാവ് വിദ്വേഷ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ ബജ്‌റംഗ്ദള്‍ നേതാവ് അശോക് അന്‍വേകര്‍ ഉള്‍പ്പടെ നൂറോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ ഹുബ്ലി പോലിസ് കേസെടുത്തു. ഡിസിപി കെ രാമരാജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്ന് കന്നട പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രമസമാധാനം തകര്‍ക്കല്‍, മതത്തിന്റെ ദുരുപയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഐപിസി സെക്ഷന്‍ 504, 143, 147, 153, 295 എ, 298, 353 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്ത വിഭാഗങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംഘപരിവാര സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ പള്ളിയില്‍ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ഭജന നടത്തിയിരുന്നു.

Tags:    

Similar News