ദലിതുകള്‍ക്ക് ചെരിപ്പ് ധരിക്കാന്‍ അനുമതിയില്ല ക്ഷേത്രത്തിലും വിലക്ക്‌

'തൊഴില്‍ രഹിതരായ ദലിത് യുവതക്കായി സര്‍ക്കാര്‍ റേഷന്‍ കട അനുവദിച്ചിരുന്നു. എന്നാല്‍, ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണ് കടയില്‍ എത്തുന്നത്. സവര്‍ണ വിഭാഗങ്ങള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വേടിക്കാറില്ല'

Update: 2019-06-21 16:33 GMT

മൈസൂരു: കര്‍ണാടകയിലെ റത്തേഹള്ളി ഗ്രാമത്തില്‍ ദലിതുകള്‍ ചെരിപ്പ് ധരിക്കുന്നത് തടഞ്ഞ് സവര്‍ണര്‍. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ദലിതുകളോടുള്ള സവര്‍ണരുടെ വിവേചനത്തിനെതിരേ നടപടിയെടുക്കാന്‍ അധികാരികളോ പോലിസോ തയ്യാറാവുന്നില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു.

ഡെപ്യൂട്ടി കമ്മീഷണര്‍ അഭിരാം ശങ്കര്‍ വിളിച്ചു ചേര്‍ത്ത എസ്‌സി-എസ്ടി ജാഗൃതി സമിതി യോഗത്തിലാണ് ദലിതുകള്‍ ആദ്യമായി പരാതി ഉയര്‍ത്തിയത്. ഗ്രാമങ്ങളില്‍ ദലിതുകള്‍ക്കെതിരേ നടക്കുന്ന വിവേചനങ്ങള്‍ ദലിതുകളെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയവര്‍ വിവരിച്ചിരുന്നു.

'വര്‍ഷങ്ങളായി ദലിതുകള്‍ക്ക് ചെരിപ്പ് ധരിച്ചുകൊണ്ട് രത്താഹള്ളി ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാറില്ല. ഗ്രാമത്തിലെ ക്ഷേത്രത്തിലേക്കും പ്രവേശിക്കാന്‍ അനുവദിക്കാറില്ല' ദലിത് പ്രതിനിധി സംഘത്തിലെ അംഗമായ പുട്ടലക്ഷ്മാമ പറഞ്ഞു.

'തൊഴില്‍ രഹിതരായ ദലിത് യുവതക്കായി സര്‍ക്കാര്‍ റേഷന്‍ കട അനുവദിച്ചിരുന്നു. എന്നാല്‍, ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണ് കടയില്‍ എത്തുന്നത്. സവര്‍ണ വിഭാഗങ്ങള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വേടിക്കാറില്ല' അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെതിരേ പരാതി ഉയര്‍ന്നെങ്കിലും സവര്‍ണര്‍ക്കായി മറ്റൊരു റേഷന്‍ കട അനുവദിക്കുകയാണ് അധികൃതര്‍ ചെയ്തതെന്നും പുട്ടലക്ഷ്മാമ പറഞ്ഞു.

ദലിതുകള്‍ക്കെതിരേ അതിക്രമങ്ങള്‍ നടന്നാല്‍ അക്രമത്തിനിരയായവര്‍ക്കെതിരേയും പോലിസ് കേസെടുക്കുന്നത് പതിവാണെന്ന് ഗ്രാമീണര്‍ പറഞ്ഞു. ടിപ്പൂര്‍ ഗ്രാമത്തിലും ദലിതുകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ദലിതുകള്‍ക്ക് മുടിവെട്ടാന്‍ പോലും ഗ്രാമത്തിന് പുറത്ത് പോകണമെന്നും അവര്‍ പറഞ്ഞു.

Tags: