ഞാവല്‍ പഴം പറിച്ചെന്ന് ആരോപിച്ച് ദലിത് ബാലന്‍മാരെ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു

ഉത്തര്‍പ്രദേശിലെ ഗെഹുവ ഗ്രാമത്തിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്. 10, 11 വയസ് പ്രായമുള്ള ദലിത് ബാലന്‍മാരാണ് സവര്‍ണ വിഭാഗത്തില്‍നിന്നുള്ള തോട്ട ഉടമയുടെ ക്രൂരയ്ക്കിരയായത്.

Update: 2021-06-24 11:47 GMT

 ലഖ്‌നൗ: തന്റെ തോട്ടത്തില്‍നിന്ന് ഞാവല്‍പഴം പറിച്ചെന്ന് ആരോപിച്ച് ദലിത് ബാലന്‍മാരെ തോട്ട ഉടമ മരത്തില്‍ ബന്ധിച്ച് മണിക്കൂറുകളോളം തല്ലിച്ചതച്ചു. ഉത്തര്‍പ്രദേശിലെ ഗെഹുവ ഗ്രാമത്തിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്. 10, 11 വയസ് പ്രായമുള്ള ദലിത് ബാലന്‍മാരാണ് സവര്‍ണ വിഭാഗത്തില്‍നിന്നുള്ള തോട്ട ഉടമയുടെ ക്രൂരയ്ക്കിരയായത്.

കുട്ടികളെ കാണാതായതിനെതുടര്‍ന്ന് അവരുടെ അമ്മമാര്‍ അന്വേഷിച്ചെത്തിയപ്പോള്‍, മരത്തില്‍ ബന്ധിച്ച നിലയില്‍ അബോധാവസ്ഥയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു. അതിക്രമം സംബന്ധിച്ച് മുഹമ്മദി പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ബുധനാഴ്ച കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായത്.

പ്രധാന പ്രതി കൈലാഷ് വര്‍മയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചിട്ടുണ്ട്. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഒരു സ്വകാര്യ സ്‌കൂള്‍ കാംപസിലെ മരത്തില്‍നിന്ന് ഞാവല്‍പഴം പറിച്ച് കഴിക്കുന്നതിനിടെ 25കാരനായ സ്‌കൂള്‍ ഉടമ കൈലാഷ് അവരെ പിടികൂടുകയായിരുന്നുവെന്ന് രണ്ട് ആണ്‍കുട്ടികളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കുട്ടികള്‍ കരഞ്ഞ് ബഹളംവയ്ക്കുകയും കരുണയ്ക്കായി ആവര്‍ത്തിച്ച് യാചിക്കുകയും ചെയ്തപ്പോള്‍ അയാള്‍ കുട്ടികളെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായിമര്‍ദ്ദിക്കുകയായിരുന്നു. സ്‌കൂളില്‍ വെള്ളം കുടിക്കാന്‍ പോയ ചില കുട്ടികളാണ് കൈലാഷ് ആണ്‍കുട്ടികളെ മര്‍ദ്ദിക്കുന്നത് കണ്ടത്. അവര്‍ ഉടന്‍ തങ്ങളെ വിവരമറിയിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ പവന്റെ അമ്മ സരിതാ ദേവി പറഞ്ഞു.

താനും ധീരജിന്റെ അമ്മയും സ്ഥലത്തെത്തിയപ്പോള്‍ കൈലാഷ് മദ്യപിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. പിന്നാലെയാണ് കുട്ടികളെ അബോധാവസ്ഥയില്‍ മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

പരാതി പിന്‍വലിക്കാന്‍ കൈലാഷിന്റെ കുടുംബം തങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചു. അതേസമയം, പ്രതിക്കെതിരേ ഐപിസി വകുപ്പുകള്‍ പ്രകാരവും എസ്‌സി / എസ്ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു.

Tags: