ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കാറപകടത്തില്‍ മരിച്ചു

Update: 2022-09-04 12:06 GMT

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി കാറപകടത്തില്‍ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘഡില്‍ വൈകീട്ട് 3.15നാണ് അപകടം.

സൈറസ് സഞ്ചരിച്ച മേഴ്‌സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന െ്രെഡവറടക്കം രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ നിസാര പരിക്കുകളോടെയും രക്ഷപ്പെട്ടിട്ടുണ്ട്.

ഗുജറാത്തിലെ അഹ്മദാബാദില്‍നിന്ന് മുംബൈയിലേക്ക് വരുന്ന വഴിക്കാണ് അപകടമുണ്ടായത്. പാല്‍ഘഡിലെ സൂര്യ നദിക്കു കുറുകെയുള്ള പാലത്തില്‍ വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

2012 ഡിസംബറില്‍ രത്തന്‍ ടാറ്റ വിരമിച്ചതിനുശേഷമാണ് സൈറസ് ടാറ്റ സണ്‍സിന്റെ ചെയര്‍മാനാകുന്നത്. ടാറ്റയിലെ പ്രധാന നിക്ഷേപകരായ ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് മിസ്ത്രി കമ്പനിയുടെ തലപ്പത്തെത്തുന്നത്. നിര്‍മാണരംഗത്ത് ഭീമന്മാരാണ് ഷപൂര്‍ജി പല്ലോണ്‍ജി.

2006ല്‍ പിതാവ് പല്ലോണ്‍ജി മിസ്ത്രിക്കു സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ടാറ്റ സണ്‍സ് ഡയരക്ടര്‍ ബോര്‍ഡില്‍ സൈറസ് കയറുന്നത്. 2016 ഒക്ടോബര്‍ 24ന് ടാറ്റ സൈറസിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കി. ഡയരക്ടര്‍ ബോര്‍ഡില്‍ വോട്ടിനിട്ടായിരുന്നു നടപടി.

ഇതിനെതിരെ സൈറസ് നിയമയുദ്ധം തുടര്‍ന്നുവരുന്നതിനിടെയാണ് അന്ത്യം. ടാറ്റ സണ്‍സ് നടപടി സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം ശരിവച്ചിരുന്നു. ഇതിനെതിരെ ഷപൂര്‍ജി പല്ലോണ്‍ജി നല്‍കിയ ഹരജി കഴിഞ്ഞ മേയില്‍ സുപ്രിംകോടതി തള്ളി.

Tags:    

Similar News