നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു -കോഴിക്കോട് സ്വദേശികളുടെ ഉടന്‍ സംസ്‌കരിക്കും

കോഴിക്കാട് സ്വദേശികളായ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഏറ്റുവാങ്ങി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

Update: 2020-01-24 12:39 GMT
കോഴിക്കോട്/തിരുവനന്തപുരം: നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഒന്നരമണിക്കൂര്‍ നീണ്ട പൊതുദര്‍ശനം. മന്ത്രി കെ രാജു, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മേയര്‍ കെ ശ്രീകുമാര്‍ അടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.

ഒമ്പത് വയസുകാരിയായ ശ്രീഭദ്രയ്ക്കും ഏഴുവയസുകാരിയായ ആര്‍ച്ചയ്ക്കും നാല് വയസ്സുകാരനായ അഭിനവിനും അന്ത്യകര്‍മ്മങ്ങളില്ലാതെ ഒരേ കുഴിമാടത്തില്‍ അന്ത്യവിശ്രമമൊരുക്കി. അവരുടെ ഇരുവശത്തുമായി അച്ഛന്‍ പ്രവീണിന്റേയും അമ്മ ശരണ്യയുടേയും ചിതയൊരുക്കി. ശരണ്യയുടെ സഹോദരിയുടെ മകന്‍ ആരവ് എന്ന മൂന്ന് വയസുകാരനാണ് സംസ്‌കാര ക്രിയകള്‍ ചെയ്തത്. നേപ്പാള്‍ യാത്രകഴിഞ്ഞ് തിരിച്ച് വീട്ടിലെത്തേണ്ടിയിരുന്ന ദിവസമാണ് അഞ്ച് പേരും ചേതനയറ്റ ശരീരങ്ങളായി തിരികെയെത്തിയത്.

കോഴിക്കാട് സ്വദേശികളായ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഏറ്റുവാങ്ങി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ വേളൂര്‍ പുനത്തില്‍ രഞ്ജിത്ത്, ഭാര്യ ഇന്ദു ലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചക്ക് 12 ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കരിപ്പൂരിലെത്തിച്ചത്.

നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചാണ് രഞ്ജിത്തും കുടുംബവും ഉള്‍പ്പെടെ എട്ട് മലയാളികള്‍ മരണപ്പെട്ടത്. അപകടത്തില്‍ രഞ്ജിത്തിന്റെ മൂത്ത മകന്‍ മാധവ് രക്ഷപ്പെട്ടിരുന്നു.

നോര്‍ക്ക റൂട്ട്‌സാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ നടപടികള്‍ സ്വീകരിച്ചത്. എം കെ രാഘവന്‍ എംപി, മറ്റ് ജനപ്രതിനിധികള്‍, കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ പി പുരുഷോത്തമന്‍, നോര്‍ക്ക അധികൃതര്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി മൊകവൂരിലെ വസതിയിലേക്ക് കൊണ്ടുപോയി.

മൊകവൂരിലെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കുന്ദമംഗലത്തെ രഞ്ജിത്തിന്റെ തറവാട് വീട്ടിലേക്ക് വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണെത്തിയത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് തന്നെ സംസ്‌കരിക്കും.



Tags:    

Similar News