കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി അന്‍വര്‍ മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Update: 2024-09-27 09:13 GMT

തിരുവനന്തപുരം: വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി വി അന്‍വര്‍ എംഎല്‍എ മാറിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനാധിപത്യകേന്ദ്രീകരണ തത്വത്തിന്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ നിര്‍ഭയമായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്യം പാര്‍ട്ടിയിലുണ്ട്. ഇത്തരം ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനങ്ങളാവട്ടെ ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇടപെടുകയും ചെയ്യുകയാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനം എന്നത് പാര്‍ട്ടിയുടെ നിരവധി സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്. എന്നിട്ടും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സ്വതന്ത്ര അംഗം എന്ന നില പാര്‍ട്ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അല്‍പത്വമാണ് അന്‍വര്‍ കാണിച്ചത്.

    പാര്‍ട്ടി അനുഭാവി അല്ലെങ്കില്‍ പോലും നല്‍കുന്ന പരാതികള്‍ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയം. അതിന്റെ അടിസ്ഥാനത്തില്‍ പി വി അന്‍വര്‍ നല്‍കിയ പരാതികള്‍ പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസം കൊണ്ട് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധനയ്ക്ക് ശേഷം പാര്‍ട്ടി പരിശോധിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തു.

    പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തില്‍ പൊതുപ്രസ്താവന നടത്തുകയില്ല. എന്നാല്‍ അന്‍വര്‍ തുടര്‍ച്ചയായി വിവിധ വിമര്‍ശനങ്ങള്‍ വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ഉന്നയിക്കുകയാണ് ചെയ്തത്. മുന്‍കൂട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അദ്ദേഹം രംഗത്ത് ഇറങ്ങിയത് എന്ന കാര്യം ഇത് വ്യക്തമാക്കുന്നു. സംഘപരിവാറിന്റെ അജണ്ട പ്രതിരോധിക്കുന്നതിന് എന്നും മുന്നില്‍ നിന്നു എന്നതിന്റെ പേരില്‍ തലയ്ക്ക് വില പറയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനമെന്ന പ്രചാരണമാണ് ഉയര്‍ന്നുവന്നത്. ഇപ്പോഴാവട്ടെ ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള സന്ധിയാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തെ തകര്‍ക്കുക എന്ന മതരാഷ്ട്രവാദ കാഴ്ചപ്പാടുകളാണ് ഇത്തരം ആശയപ്രചരണക്കാരെ സ്വാധീനിച്ചിരിക്കുന്നത്. നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കുക എന്ന വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പ്രചാരണങ്ങളാണ് അന്‍വര്‍ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം മാധ്യമങ്ങളുമായി ചേര്‍ന്ന് നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാനും അവയ്‌ക്കെതിരെ ജാഗ്രത പാലിക്കാനും കഴിയണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

Tags: