സിപിഎം സംസ്ഥാന സമിതി ഇന്ന് തുടങ്ങും; ഇന്ധന നികുതി ഇളവ്, കോടിയേരിയുടെ മടങ്ങി വരവ് ചര്‍ച്ചയാവും

Update: 2021-11-06 02:42 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കം. പെട്രോള്‍, ഡീസല്‍ നികുതി ഇളവ്, കോടിയേരിയുടെ മടങ്ങി വരവ് എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. പെട്രോള്‍, ഡീസല്‍ നികുതി കേന്ദ്രം കുറച്ചിട്ടും സംസ്ഥാന നികുതി കുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ശക്തമായ സമരത്തിനൊരുങ്ങുകയാണ്.

സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ മടങ്ങി വരവ് ഇപ്പോള്‍ ഉണ്ടാകുമോ എന്നതാണ് യോഗത്തില്‍ നിര്‍ണായകം. മകന്‍ ബിനീഷ് കോടിയേരിക്ക് കള്ളപ്പണക്കേസില്‍ ജാമ്യം ലഭിച്ചതും കോടിയേരിയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റങ്ങളുമാണ് തിരിച്ചുവരാനുള്ള അനുകൂല ഘടകങ്ങള്‍. അടുത്ത പിബി യോഗം വരെ കാത്താല്‍ മടങ്ങി വരവ് വരും ദിവസങ്ങളില്‍ ഉണ്ടാകില്ല.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജി സുധാകരനെതിരെ ഉയര്‍ന്ന പരാതികളില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ വെക്കും. ജി സുധാകരന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന കണ്ടെത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന സമിതി അംഗമായ സുധാകരനെതിരേയുള്ള നടപടി യോഗം തീരുമാനിക്കും. പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും കണ്ടെത്തലുകളുണ്ട്. ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികള്‍ക്കും സംസ്ഥാന കമ്മിറ്റി രൂപം നല്‍കും.

Tags:    

Similar News