വര്‍ഗീയത വളര്‍ത്തുന്ന നിലപാടുകളില്‍ നിന്നു സിപിഎം പിന്‍മാറണം: കെ ജലീല്‍ സഖാഫി

Update: 2024-08-14 13:04 GMT

കോഴിക്കോട്: കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ വര്‍ഗീയത വളര്‍ത്തുന്ന നിലപാടുകളില്‍ നിന്നു സിപിഎം പിന്‍മാറണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ ജലീല്‍ സഖാഫി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ കോലാഹലം സൃഷ്ടിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രയോഗത്തിലൂടെ ജനങ്ങളുടെ ഇടയില്‍ വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാന്‍ വേണ്ടി വര്‍ഗീയത കളിച്ച സിപിഎമ്മിന്റെ കപടമുഖം ജനം തിരിച്ചറിയണം. കേരളത്തില്‍ തന്നെ ഒരു ലോക്‌സഭാ മണ്ഡലത്തിലും ഇല്ലാത്ത വര്‍ഗീയ ചേരിതിരിവാണ് സിപിഎമ്മും അതിന്റെ ഇടത് സൈബര്‍ പോരാളികളും ചേര്‍ന്ന് വടകരയില്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തിയത്. ടി പി വധക്കേസില്‍ വിവാദമായ മതസ്പര്‍ധ ഉണ്ടാക്കിയ മാഷാ അല്ലാഹ് സ്റ്റിക്കറിന് പുറകെ കാസര്‍കോട് തളങ്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വര്‍ഗീയച്ചുവയുള്ള വിവാദ വീഡിയോ ക്രിയേറ്റ് ചെയ്തുകൊണ്ടും വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രയോഗത്തിലൂടെയും സമൂഹത്തില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കാനുള്ള സിപിഎമ്മിന്റെ കുല്‍സിത ശ്രമമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇത്തരം രാഷ്ട്രീയ ലാഭത്തിന് വേണ്ടി വര്‍ഗീയത വളര്‍ത്തുന്ന നിലപാടുകളില്‍ നിന്നു സിപിഎം പിന്മാറണമെന്നും സംഭവിച്ച വീഴ്ചകള്‍ ഏറ്റുപറഞ്ഞ് തിരുത്തണമെന്നും ജലീല്‍ സഖാഫി ആവശ്യപ്പെട്ടു.

Tags: