ഹൈക്കോടതിയുടേത് നടപടിക്രമം മാത്രം; കെ എം ഷാജിയെ കുറ്റവിമുക്തനാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും സിപിഎം

Update: 2023-10-11 09:32 GMT

കണ്ണൂര്‍: കള്ളപ്പണം കക്കൂസ് മുറിയില്‍ സൂക്ഷിച്ചതിന് വിജിലന്‍സ് കേസെടുത്ത കെ എം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പ്രസ്തുത തുക തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത് നിലവിലുള്ള നടപടിക്രമം മാത്രമാണ്. തിരിച്ച് നല്‍കുമ്പോള്‍ തത്തുല്യ തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയുണ്ട്. അതായത് ഷാജിയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത തുക ഷാജിക്ക് സ്വന്തമായി വീട്ടില്‍ കൊണ്ടുപോവാന്‍ കഴിയില്ല. അങ്ങനെ ചെയ്യണമെങ്കില്‍ ബാങ്ക് ഗ്യാരണ്ടിക്കായി വീണ്ടും കള്ളപ്പണം കണ്ടെത്തേണ്ടിവരുമെന്നും ജയരാജന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 47.35 ലക്ഷം രൂപയാണ് ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നു വിജിലന്‍സ് 2021 ഏപ്രില്‍ 12ന് പിടിച്ചെടുത്തത്. ഹൈക്കോടതി വിധിയിലെ 7, 8 പാരഗ്രാഫുകളില്‍ കെ എം ഷാജി നടത്തിയ ഗുരുതരമായ ക്രമക്കേടുകളെക്കുറിച്ച് എണ്ണിയെണ്ണിപ്പറയുന്നുണ്ട്. 47.35 ലക്ഷം രൂപ ജനങ്ങളില്‍ നിന്ന് ശേഖരിച്ച തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. നിയമസഭാ തിരഞ്ഞെടുപ്പ് 2021 ഏപ്രില്‍ ആറിനായിരുന്നു. ഷാജി ഹാജരാക്കിയ റസീറ്റുകള്‍ 2021 ഏപ്രില്‍ 7, 8, 9 തിയ്യതികളിലേതാണ്. തിരഞ്ഞെടുപ്പ് തിയ്യതിക്ക് ശേഷം ചെലവുകള്‍ക്കായി ഫണ്ട് പിരിച്ച സ്ഥാനാര്‍ത്ഥി. അക്കാര്യത്തില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് സംശയം പ്രകടിപ്പിച്ചത് ശരിയാണെന്ന് ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച കണക്കുമായി യാതൊരു പൊരുത്തവുമില്ലെന്ന വസ്തുത കോടതി വിധിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഷാജിയുടെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത 47.35 ലക്ഷം രൂപയാണെങ്കില്‍ ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച തുക 6.09 ലക്ഷം മാത്രമാണ്. ഇലക്ഷന്‍ കമ്മീഷന്റെ മാനദണ്ഡമനുസരിച്ചുള്ള ദൈനംദിന വരവ് ചെലവ് കണക്ക് ബുക്ക് സമര്‍പ്പിച്ചിട്ടുമില്ല. 2021ലെ ഇലക്ഷന്‍ കമ്മീഷന്‍ ചട്ടമനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതായി ഷാജി തന്നെ പറയുന്നത് 47.35 ലക്ഷം രൂപയാണ്. അതാവട്ടെ, ഇലക്ഷന്‍ കഴിഞ്ഞതിന് ശേഷമാണ് താനും. അപ്പോള്‍ ഇലക്ഷന്‍ കാംപയിന്‍ സമയത്ത് യാതൈാന്നും ചെലവഴിച്ചിട്ടില്ലെന്നാണോ?. ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച കണക്കിലാവട്ടെ, മാര്‍ച്ചിലും ഏപ്രിലിലും തുക ചെലവഴിച്ചതായി പറയുന്നുമുണ്ട്.

    2015-16 മുതല്‍ 1920 വരെ ആദായനികുതി വകുപ്പിന് റിട്ടേണ്‍സ് സമര്‍പ്പിക്കുകയോ നികുതി അടക്കുകയോ ചെയ്യാത്ത കെ എം ഷാജി 2020-21ല്‍ 10.47 ലക്ഷം രൂപ ആദായനികുതി അടച്ചത് ആശ്ചര്യകരമാണെന്നാണ് കോടതി പറയുന്നത്. നികുതി അടച്ചതാവട്ടെ, 3.2.22നാണ്. വിജിലന്‍സ് പണം പിടിച്ചെടുത്തത് 12.4.2021നാണ്. തന്റെ വരവ് വിവരം നിയമാനുസൃതം യഥാസമയം ആദായനികുതി വകുപ്പിനെ അറിയിക്കുന്ന ആളല്ല ഷാജി എന്ന് വ്യക്തം. തിരഞ്ഞെടുപ്പ് ഫണ്ടാണെങ്കില്‍ ഷാജിയുടെ വ്യക്തിപരമായ സമ്പാദ്യമല്ല. അതുകൊണ്ട് തന്നെ കോടതിവിധിയിലൂടെ തിരിച്ചുകിട്ടുന്ന പണം ഷാജി സ്വന്തം പാര്‍ട്ടിക്കോ യുഡിഎഫിനോ നല്‍കേണ്ടതല്ലേ. അതിന് ഷാജി തയ്യാറാവുമോ, ഇല്ലെങ്കില്‍ പാര്‍ട്ടി ആവശ്യപ്പെടുമോ?. ഇതറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

    പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച് അന്വേഷണ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കാര്യവും വിജിലന്‍സ് പ്രത്യേക കോടതി പ്രകടിപ്പിച്ച സംശയവും ഹൈക്കോടതി ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. ഹൈക്കോടതിയുടെ ഈ ഉത്തരവില്‍, എന്തുതന്നെ ഉണ്ടായിരുന്നാലും, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാല്‍ വിചാരണക്കോടതിക്ക് കേസിന്റെ വിചാരണയുമായി മുന്നോട്ടുപോവാമെന്ന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പിടിച്ചെടുത്ത തുകയ്ക്ക് തത്തുല്യമായ ബാങ്ക് ഗ്യാരണ്ടിയോടെ ഷാജിയ്ക്ക് പണം നല്‍കാമെന്ന കോടതി ഉത്തരവ് അഴിമതിക്കേസില്‍ ഷാജിയെ വെറുതെ വിട്ടെന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags: