സിപിഎം നോമിനി ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍; വിമര്‍ശനവുമായി ചെന്നിത്തല

പട്ടികയിലുണ്ടായിരുന്ന രണ്ട് ജില്ലാ ജഡ്ജിമാരെ മറികടന്നാണ് സിപിഎം നോമിനിയായ മനോജ് കുമാറിന് മന്ത്രിസഭാ യോഗത്തില്‍ നിയമനം നല്‍കിയത്. അധ്യക്ഷസ്ഥാനത്തേക്കുള്ള നിയമനത്തില്‍ മാനദണ്ഡത്തില്‍ ഇളവു നല്‍കിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് തീരുമാനം.

Update: 2020-06-24 13:49 GMT

തിരുവനന്തപുരം: ആക്ഷേപങ്ങള്‍ക്കിടെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനായി അഡ്വ. കെ വി മനോജ്കുമാറിനെ നിയമിച്ചു. പട്ടികയിലുണ്ടായിരുന്ന രണ്ട് ജില്ലാ ജഡ്ജിമാരെ മറികടന്നാണ് സിപിഎം നോമിനിയായ മനോജ് കുമാറിന് മന്ത്രിസഭാ യോഗത്തില്‍ നിയമനം നല്‍കിയത്. അധ്യക്ഷസ്ഥാനത്തേക്കുള്ള നിയമനത്തില്‍ മാനദണ്ഡത്തില്‍ ഇളവു നല്‍കിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് തീരുമാനം. നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ മന്ത്രിസഭായോഗം തള്ളിക്കളഞ്ഞു.

തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പിടിഎ അംഗമായിരുന്നു എന്നതാണ് നിയമനത്തിന് പരിഗണിച്ചത്. 27 അംഗ പട്ടികയില്‍ യോഗ്യതയില്‍ ഏറ്റവും പിന്നിലായിരുന്നു മനോജ്കുമാര്‍. കാസര്‍കോഡ് ജില്ലാ ജഡ്ജി എസ്എച്ച് പഞ്ചാപകേശന്‍, തലശ്ശേരി ജില്ലാ ജഡ്ജി ഇന്ദിര എന്നിവരെയാണ് മറികടന്നത്.

സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അഭിമുഖം നടത്തിയത്. കുട്ടികളുടെ പ്രവര്‍ത്തനമേഖലകളില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം, ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ തുടങ്ങിയവയാണ് നേരത്തെ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന യോഗ്യത.

ചീഫ് സെക്രട്ടറി റാങ്കില്‍ ശമ്പളം ലഭിക്കുന്ന അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള പദവിയാണ് ബാലാവകാശ കമ്മീഷന്റേത്. തലശ്ശേരി ബാറിലെ അഭിഭാഷകനാണ് കെ വി മനോജ് കുമാര്‍.

അതേസമയം, രണ്ട് ജില്ലാ ജഡ്ജിമാരെ തഴഞ്ഞ് കൊണ്ട് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയോഗിച്ചത്്് നടപടി വളരെ ദൗര്‍ഭാഗ്യകരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു പിടിഎയിലെ അംഗമാണ് എന്നുള്ള പരിഗണന മാത്രം വച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള പോസ്റ്റിലേക്ക് ഒരാളെ നിയമിക്കുന്നത്. മുന്‍ചീഫ് സെക്രട്ടറിമാര്‍ ഇരുന്ന പോസ്റ്റാണിത്. ആ പോസ്റ്റില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന ഏക പരിഗണന വച്ച്് ഒരാളെ ബാലാവകാശകമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് അങ്ങേയറ്റത്തെ ധാര്‍ഷ്ട്യമാണ്.

സര്‍ക്കാരിന്റെ തെറ്റായ നടപടിയാണ്. കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണ്. പല പോക്‌സോ കേസുകളും തെളിയാതെ പോകു്ന്ന കാലമാണ്. അതിനെയൊക്കെ തടയാന്‍ ബാധ്യസ്ഥമായ ബാലവകാശ കമ്മീഷനില്‍ ഇത്തരത്തിലൊരു പാര്‍ട്ടി നിയമനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്ന കാര്യമല്ല.

Tags: