വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം

Update: 2020-06-14 11:30 GMT

കോഴിക്കോട്: കൊയിലാണ്ടി ഊട്ടേരിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. ഇന്നലെ രാത്രി കൊടിമരം സ്ഥാപിക്കുന്നതിനിടെയാണ് 15ഓളം പേരെത്തി ആക്രമിച്ചത്. വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് രണ്ടുപേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെല്‍ഫെയര്‍ പാര്‍ട്ടി അരിക്കുളം പഞ്ചായത്ത് സെക്രട്ടറിയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പേരാമ്പ്ര മണ്ഡലം അസി. കണ്‍വീനറുമായ മുഹമ്മദ് അലി, പ്രവര്‍ത്തകരായ സമീര്‍, നവാസ്, ഫവാസ് എന്നിവര്‍ക്കാണ് പരിക്കറ്റത്. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്ന സമയത്ത് പ്രദേശത്തെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കൈ ശുദ്ധീകരിക്കാന്‍ ഫ്രറ്റേണിറ്റി സൗകര്യം ഒരുക്കിയിരുന്നു. അവിടെ സ്ഥാപിച്ച സാനിറ്റൈസര്‍ എസ്എഫ്‌ഐ നേതാവ് മോഷ്ടിച്ചത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നിരന്തരം ഭീഷണി നേരിടാറുണ്ടെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. കൊല്ലുമെന്നും മര്‍ദ്ദിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

    ഊട്ടേരിയില്‍ ഫ്രറ്റേണിറ്റി-വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നത് സി പി എം-എസ് എഫ് ഐ ആസൂത്രിത അക്രമമാണെന്നും ഇടതുപക്ഷ രാഷ്ട്രീയ ജന്മിത്വത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂര്‍ ആവശ്യപ്പെട്ടു.


Tags:    

Similar News