സിപിഎം പ്രവര്‍ത്തകന്റെ വീടും വാഹനവും തകര്‍ത്തു

സിപിഎം ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ 1.15ഓടെ ആക്രമണമുണ്ടായത്

Update: 2020-01-31 06:38 GMT

കണ്ണൂര്‍: അഴീക്കോട്ട് സിപിഎം പ്രവര്‍ത്തകന്റെ വീടിനും വാഹനത്തിനും നേരെ ആര്‍എസ്എസ് ആക്രമണം. സിപിഎം ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്റെ വീടിനു നേരെയാണ് പുലര്‍ച്ചെ 1.15ഓടെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകളും കസേരകളും അടിച്ചുതകര്‍ത്ത സംഘം മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സമീപത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിനു പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

    മാധ്യമപ്രവര്‍ത്തകന്റെ വീടാക്രമിച്ചതില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രസിഡന്റ് എ കെ ഹാരിസും സെക്രട്ടറി പ്രശാന്ത് പുത്തലത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Tags:    

Similar News