എസ്എഫ്‌ഐ തെറ്റുതിരുത്തണമെന്ന് കോടിയേരി; എസ്എഫ്‌ഐ നടപടി മുട്ടാളത്തമെന്ന് ബേബി

എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റു ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണു കോടിയേരി തിരുത്തല്‍ ആവശ്യപ്പെട്ടത്.

Update: 2019-07-14 09:45 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം ന്യായീകരിക്കാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റു ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണു കോടിയേരി തിരുത്തല്‍ ആവശ്യപ്പെട്ടത്. യൂനിവേഴ്‌സിറ്റി കോളജിലെ അക്രമം ന്യായീകരിക്കാനാവില്ല. എസ്എഫ്‌ഐ തെറ്റുതിരുത്തണം. എസ്എഫ്‌ഐ ഒരു സ്വതന്ത്ര വിദ്യാര്‍ഥി സംഘടയാണെന്ന് കോടിയേരി അവകാശപ്പെട്ടു.

പാര്‍ട്ടിയുടെ തീരുമാനം സംഘടനയുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കിടയിലും അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ സംഘടന നടത്തരുത്. കോളജില്‍ വിദ്യാര്‍ഥികള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകണമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി ഒരു പ്രതിയേയും സംരക്ഷിക്കില്ല. പോലിസ് ശക്തമായ നടപടിയെടുക്കണം. കോളജില്‍നിന്ന് എന്തൊക്കെയാണു പിടിച്ചെടുത്തത് എന്നതിന്റെ കണക്കൊന്നും നോക്കിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. 

അതേ സമയം, യൂനിവേഴ്‌സിറ്റി കോളേജില്‍ അക്രമം നടത്തിയ എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തി. കോളജില്‍ വേറെ സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നത് മുട്ടാളത്തമാണ്. സംഘടനാപരമായ വീഴ്ചകളില്‍ തുടര്‍നടപടി വേണമെന്നും ബേബി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം അറിയുന്നവര്‍ സംഘടനയുടെ നേതൃത്വത്തില്‍ വരണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.

Tags:    

Similar News