നെടുങ്കണ്ടം കസ്റ്റഡിക്കൊല; ആഭ്യന്തര വകുപ്പിനുമെതിരേ രൂക്ഷ വിമർശനവുമായി സിപിഐ

ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഇടതുനയം സംരക്ഷിക്കാൻ കഴിഞ്ഞില്ല. കുഴപ്പക്കാരെ തല്ലിക്കൊല്ലാനുള്ള സേനയല്ല പോലിസെന്നും നെടുങ്കണ്ടം കസ്റ്റഡിക്കൊലയിലെ മുഴുവൻ കുറ്റക്കാർക്കെതിരേയും കേസെടുക്കണമെന്നും കെകെ ശിവരാമൻ ആവശ്യപ്പെട്ടു.

Update: 2019-07-09 13:12 GMT

ഇടുക്കി: ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പോലിസിനെ ഉപയോഗിച്ച് രാഷ്ട്രീയ താത്പര്യങ്ങൾ നടപ്പാക്കുന്നതിന് പരിധി വേണമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ പറഞ്ഞു.

കസ്റ്റഡിക്കൊലയിൽ ഇടുക്കി മുൻ എസ്പിയെയും കട്ടപ്പന ഡിവൈഎസ്പിയെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നടത്തിയ പോലിസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാമൻ.  ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഇടതുനയം സംരക്ഷിക്കാൻ കഴിഞ്ഞില്ല. കുഴപ്പക്കാരെ തല്ലിക്കൊല്ലാനുള്ള സേനയല്ല പോലിസെന്നും നെടുങ്കണ്ടം കസ്റ്റഡിക്കൊലയിലെ മുഴുവൻ കുറ്റക്കാർക്കെതിരേയും കേസെടുക്കണമെന്നും കെകെ ശിവരാമൻ ആവശ്യപ്പെട്ടു.

ഏഴുപേർ പ്രതികളായ കേസിൽ ഇതുവരെ നാലു പേരെയാണ് ക്രൈംബ്രാഞ്ചിന് അറസ്റ്റ് ചെയ്യാനായത്. നെടുങ്കണ്ടം എസ്ഐ സാബു, സിപിഒ സജിമോന്‍ ആന്റണി, സിപിഒ നിയാസ്, എഎസ്ഐ റെജിമോന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ നിയാസും റെജിമോനും ഇന്നലെ കീഴടങ്ങുകയായിരുന്നു.

എസ്പിയെ താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റിനിർത്തി മറ്റു നടപടികളിലേക്ക് പോകാതിരുന്ന സർക്കാർ നടപടിക്ക് തിരിച്ചടിയായി റിമാൻഡിൽ കഴിയുന്ന എസ്ഐയുടെ മൊഴി നേരത്തേ പുറത്ത് വന്നിരുന്നു. അനധികൃത കസ്റ്റഡി എസ്പിയുടെ നിർദേശപ്രകാരമാണെന്നാണ് എസ്ഐ മൊഴി നൽകിയത്. രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്പി നിർദേശിച്ചതായും ഡിഐജി അറിഞ്ഞിട്ടുണ്ടെന്നും, കട്ടപ്പന ഡിവൈഎസ്പിയെ വിവരം അറിയിച്ചുവെന്നും സാബു ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.  

Tags:    

Similar News