പവിത്ര ആഘോഷവേളകളെ ആര്‍എസ്എസ് രക്തത്തില്‍ മുക്കി ഹോളി ആഘോഷിക്കുന്നു:സി പി മുഹമ്മദ് ബഷീര്‍

പ്രതികളെ കണ്ടെത്തുന്നതിന് പകരം, ക്രിമിനല്‍ സംഘത്തിന്റെ സുരക്ഷിതത്വവും ജാഗ്രത പുലര്‍ത്താനുമുള്ള നിര്‍ദേശമാണ് ഇതുവരെയില്ലാത്ത വിധം സംസ്ഥാന പോലിസ് മേധാവി നല്‍കിയിരിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു

Update: 2022-04-16 05:06 GMT

പാലക്കാട് :ജനങ്ങള്‍ പവിത്രമായി കരുതുന്ന ആഘോഷവേളകളെ രക്തത്തില്‍ മുക്കി ഹോളി ആഘോഷിക്കുകയാണ് ആര്‍എസ്എസ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സുബൈറിന്റെ മൃതദേഹം ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

കേരളത്തില്‍ സമാധാനം പുലരണമെങ്കില്‍ ആര്‍എസ്എസ് കൊലക്കത്തി താഴെവെയ്ക്കണം.ഉത്തരേന്ത്യയില്‍ രാമനവമിയുടെ മറവില്‍ മുസ്‌ലിംവിരുദ്ധ കലാപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.കേരളത്തില്‍ വിഷുവും ദുഃഖവെള്ളിയും റമദാനിലെ വെള്ളിയാഴ്ചയും ഒരുമിച്ചുവന്ന ദിവസത്തില്‍ ഒരു നിരപരാധിയെ വെട്ടിയരിഞ്ഞാണ് ആര്‍എസ്എസ് ആഘോഷം നടത്തിയതെന്നും ബഷീര്‍ പറഞ്ഞു.

നിരപരാധികളായ മുസ്‌ലിംകളെ കൊലക്കത്തിക്ക് ഇരയാക്കി ഉത്തരേന്ത്യന്‍ മോഡല്‍ കലാപത്തിനാണ് കേരളത്തില്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്.ആര്‍എസ്എസ് ഭീഷണി നിലനില്‍ക്കുന്ന കാര്യം സുബൈര്‍ പലതവണ പോലിസില്‍ പരാതിപ്പെട്ടിട്ടും അധിക്യതര്‍ അലംഭാവം തുടരുകയായിരുന്നു.ഒടുവില്‍ ആര്‍എസ്എസ് അദ്ദേഹത്തിന്റെ ജീവനെടുത്ത ശേഷവും ഇത്രയും സമയം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്തുന്നതിന് പകരം, ക്രിമിനല്‍ സംഘത്തിന്റെ സുരക്ഷിതത്വവും ജാഗ്രത പുലര്‍ത്താനുമുള്ള നിര്‍ദേശമാണ് ഇതുവരെയില്ലാത്ത വിധം സംസ്ഥാന പോലിസ് മേധാവി നല്‍കിയിരിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.

'നാട്ടിലൊരു ചായക്കട നടത്തിവന്നിരുന്ന യാതൊരു ക്രിമിനല്‍ കേസുകളിലും പ്രതികളല്ലാത്ത സുബൈറിനെയാണ് യാതൊരു പ്രകോപനവുമില്ലാതെ വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുബൈറിനെ വിവിധ ഘട്ടത്തില്‍ വധഭീഷണിയുണ്ടായത് സംബന്ധിച്ച് പാലക്കാട് എസ്പി അടക്കമുള്ളവര്‍ക്ക് നേരിട്ട് പരാതി കൊടുത്തിരുന്നു. അതിനെ ജാഗ്രതയോടുകൂടി സമീപിക്കാനോ ഗൗരവത്തോടെ നടപടി സ്വീകരിക്കാനോ പോലിസ് തയ്യാറായിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ പരാതി പരിശോധിക്കേണ്ടതിന് പകരം കാര്യങ്ങള്‍ നടപ്പാക്കാനുള്ള മൗനസമ്മതമാണ് പോലിസ് നല്‍കിയത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും' ബഷീര്‍ പറഞ്ഞു.

കൊലപാതകത്തിന് തിരഞ്ഞെടുത്ത ദിവസം സാധാരണ ഹിന്ദു മതവിശ്വാസം ആഘോഷിക്കുന്ന വിഷുവിനാണ്.മതപരമായ ആചാരങ്ങളോട് യാതൊരു താല്‍പര്യവുമില്ലാത്ത ക്രിമിനല്‍ സംഘമാണ് ഇന്ത്യയിലുടനീളമുള്ള സംഘപരിവാറും ആര്‍എസ്എസ്സുമെന്ന് ഇതിലൂടെ പകല്‍പോലെ വ്യക്തമാണ്. കഴിഞ്ഞ രാമനവമി ദിവസങ്ങളിലായി ഇന്ത്യയിലുടനീളം 13 സംസ്ഥാനങ്ങളില്‍ ഒരേസമയം മുസ് ലിംകള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടത് ഇതേ കൂട്ടര്‍ തന്നെയാണ്. മതപരമായ ആഘോഷങ്ങള്‍ ആത്മീയതയ്ക്കും അനുഷ്ടാനങ്ങള്‍ക്കും അപ്പുറം തങ്ങളുടെ ആക്രമണോല്‍സുകതയും വംശീയതയും പ്രകടിപ്പിക്കാനും രക്തം കൊണ്ട് ഹോളി നടത്താനുമാണ് ആര്‍എസ്എസ്സുകാര്‍ ശ്രമിക്കുന്നത്. ഇതിന് ഉന്നതതല ഗൂഢാലോചനയുണ്ട്. ശരിയായ അന്വേഷണം പൂര്‍ത്തിയാക്കാനും കുറ്റവാളികളെ എത്രയുംപെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യേണ്ടതുണ്ടെന്നും ബഷീര്‍ വ്യക്തമാക്കി.

ആര്‍എസ്എസ് ആയുധം താഴെവയ്ക്കാത്തിടത്തോളം കാലം നാട്ടില്‍ സമാധാനമുണ്ടാവില്ലെന്ന് ആളുകള്‍ തിരിച്ചറിയണം. പലയിടത്തും ആര്‍എസ്എസ്സും പോപുലര്‍ ഫ്രണ്ടുമായി സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഒരിടത്തും സംഘര്‍ഷത്തിന് പോപുലര്‍ ഫ്രണ്ട് തുടക്കംകുറിച്ചിട്ടില്ല. കഴിഞ്ഞ 100 വര്‍ഷത്തെ ആര്‍എസ്എസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിയാം അവര്‍ നടത്തിയ കലാപങ്ങളുടെയും അക്രമങ്ങളുടെയും നീണ്ടനിര.പുതിയ ഇന്ത്യയില്‍ മുസ്‌ലിംകള്‍ വംശഹത്യയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാമനവമിയുടെ മറവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് കലാപത്തിന് വഴിയൊരുക്കുകയാണെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് അധികാരികളും പോലിസും സാമൂഹികപ്രവര്‍ത്തകരും ആര്‍എസ്എസ്സിന്റെ അക്രമസ്വഭാവത്തെ തിരിച്ചറിഞ്ഞ് നേരിടാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുബൈറിന്റെ കൊലപാതകത്തില്‍ പോലിസ് കൃത്യമായ അന്വേഷണം നടത്തി കൊലയാളി സംഘത്തെയും, ഗൂഢാലോചനയ്ക്ക് നേതൃത്വംകൊടുത്ത നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം,അതിന് അമാന്തം വരുത്തിയാല്‍ ശക്തമായ ജനകീയ പ്രതിഷേധം പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിക്കൊണ്ടുവരുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

Tags:    

Similar News