ഗോ സംരക്ഷണത്തിന്റെ മറവില്‍ പശുമോഷണസംഘം കേരളത്തിലും

സമാനരീതിയില്‍ രണ്ടുമാസം മുമ്പ് എച്ച്ഒഎസ് എന്ന സംഘടനയുടെ പേരിലും പശുക്കടത്ത് തടയുകയെന്ന വ്യാജേന തട്ടിപ്പ് നടത്തിയതായി ആക്ഷേപമുണ്ട്

Update: 2019-12-12 19:39 GMT

കൊച്ചി: ഗോസംരക്ഷണത്തിന്റെ പേരുപറഞ്ഞ് കന്നുകാലിക്കടത്ത് തടയുകയും ആക്രമണം നടത്തി പശുക്കളെ തട്ടിയെടുക്കുകയും ചെയ്യുന്ന സംഘം കേരളത്തിലും പ്രവര്‍ത്തിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനു ആലുവയിലാണ് ഏറ്റവുമൊടുവില്‍ ഇത്തരം സംഘത്തിന്റെ പശുമോഷണ തട്ടിപ്പ് നടന്നത്. തേവലക്കര പാലയ്ക്കല്‍ സ്വദേശികളായ മണാലില്‍ തെക്കേതില്‍ ഷാജഹാന്‍, മുകളത്തറ പടിഞ്ഞാറ്റേതില്‍ ജമാലുദ്ദീന്‍ കുഞ്ഞ് എന്നിവരുടെ മാടുകളെയാണ് സംഘം തട്ടിയെടുത്തത്. ഇതെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കന്നുകാലി വ്യാപാരികളായ ഷാജഹാനും ജമാലുദ്ദീന്‍ കുഞ്ഞും മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷനെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പുസംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേന്‍ എറണാകുളം ജില്ലാ കലക്ടര്‍, സംസ്ഥാന പോലിസ് മേധാവി, എറണാകുളം ജില്ലാ പോലിസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

    തടഞ്ഞുവച്ച് ജപ്തി ചെയ്യുന്ന മൃഗങ്ങള്‍ എവിടെയാണെന്നു ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന സൂചന ലഭിച്ചത്. തടഞ്ഞുവച്ച പശുക്കള്‍ എവിടെയാണെന്ന ചോദ്യത്തിന് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനു എറണാകുളം ജില്ലയിലെ ആലുവ അമ്പാട്ടുകാവ് ദേവീക്ഷേത്രത്തിനു സമീപത്തുനിന്നാണ് തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് വില്‍പനയ്ക്കായി ലോറിയില്‍ കൊണ്ടുവരികയായിരുന്ന കറവപ്പശുക്കളെയും കിടാവുകളെയും മൃഗസംരക്ഷണപ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടെത്തിയ സംഘം തടഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരിലുള്ള സൊസൈറ്റി ടു പ്രിവന്‍ഷ്യല്‍ ഓഫ് ക്രൂവല്‍റ്റി ടുവേര്‍ഡ് ആനിമല്‍സിന്റെ (എസ്പിസിഎ) പ്രവര്‍ത്തകരാണ് തങ്ങളെന്നായിരുന്നു ഇവരുടെ അവകാശവാദം. 16 പശുക്കളെ കൊണ്ടുവരാന്‍ മാത്രമേ അനുമതിയുള്ളൂവെന്നും ലോറിയില്‍ മുളകുപൊടി വിതറിയെന്നും പശുക്കളെ കശാപ്പിനുവേണ്ടി കൊണ്ടുവരുന്നതാണെന്നും പറഞ്ഞ് മാടുകളെ പിടിച്ചെടുത്ത് മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. 16 കാലികളെ കൊണ്ടുപോവേണ്ട സ്ഥാനത്ത് 25 പശുക്കളെ കടത്തിയെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ ചിത്രം സഹിതം റിപോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു. 16ല്‍ കൂടുതലുള്ള പശുക്കളെ ജപ്തി ചെയ്‌തെന്നു പറഞ്ഞെങ്കിലും കിടാവുകളെക്കുറിച്ച് മിണ്ടിയിരുന്നില്ല. എന്നാല്‍, ഒമ്പത് മൃഗങ്ങളെ മാത്രമാണ് ജപ്തി ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ പിന്നീട് മറുപടി നല്‍കിയത്. ജമാലുദ്ദീന്റെ രണ്ടു പശു, രണ്ടു പശുക്കിടാവുകള്‍, ഷാജഹാന്റെ മൂന്നു പശു, ഒരു എരുമ, ഒരു പോത്ത് കിടാവ് എന്നിങ്ങനെ ഒമ്പതെണ്ണത്തെയാണ് രേഖയില്‍ കാണിച്ചിരുന്നത്. നിയമപ്രകാരം ഇത്തരത്തില്‍ പിടികൂടുന്ന മൃഗങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗോശാലകളിലെത്തിച്ച് കണക്കുകള്‍ സൂക്ഷിച്ച് സംരക്ഷിക്കണം. എന്നാല്‍, ഉടമകള്‍ക്ക് യാതൊരുവിധ കണക്കുകളോ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. അസോസിയേഷന്‍ മുഖേന ഒരു ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ കാലികളെ ജപ്തിചെയ്‌തെന്നും അതെക്കുറിച്ച് അന്വേഷിക്കേണ്ടെന്നുമായിരുന്നുവത്രേ മറുപടി. പിടികൂടിയ 9 പശുക്കളെ തിരിച്ചുതരാന്‍ നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

    സമാനരീതിയില്‍ രണ്ടുമാസം മുമ്പ് എച്ച്ഒഎസ് എന്ന സംഘടനയുടെ പേരിലും പശുക്കടത്ത് തടയുകയെന്ന വ്യാജേന തട്ടിപ്പ് നടത്തിയതായി ആക്ഷേപമുണ്ട്. അന്ന് അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കാനാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. മൃഗസംരക്ഷണവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരം സംഘങ്ങള്‍ ഗുണ്ടാപ്പിരിവും ചൂഷണവും നടത്തുന്നതെന്നാണ് ആക്ഷേപം. ഏതായാലും ഉത്തരേന്ത്യയിലും കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ഗോസംരക്ഷത്തിന്റെ മറവിലുള്ള പശുമോഷണസംഘം കേരളത്തിലും വേരുറപ്പിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. രേഖകള്‍ നല്‍കാതെ മാടുകളെ തട്ടിയെടുത്ത സംഘത്തെക്കുറിച്ച് അന്വേഷിച്ച് മോഷണക്കേസ് രജിസ്റ്റര്‍ ചെയ്യുകയും ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നാണ് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിനോ ജോസും പ്രസിഡന്റ് എ എ സലീമും എറണാകുളം കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി കലക്ടര്‍ ജില്ലാ പോലിസ് മേധാവിക്കു കൈമാറിയിരിക്കുകയാണ്. നേരത്തെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത്തരത്തില്‍ പശുക്കളെയും കന്നുകാലികളെയും തട്ടിയെടുക്കുന്ന സംഭവം വ്യാപകമായതോടെ മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കുകയും കാലികളെ പിടിച്ചെടുക്കരുതെന്ന് ഇരുസര്‍ക്കാരുകള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.


Tags:    

Similar News