കാസര്‍കോഡ് പശുക്കടത്ത് ആരോപിച്ച് അക്രമം; പിക്കപ്പ് വാനും പശുക്കളെയും കടത്തിക്കൊണ്ടുപോയി

കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ െ്രെഡവറുമായ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരെയാണ് ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Update: 2019-06-24 11:37 GMT

കാസര്‍ക്കോഡ്: ബദിയടുക്കയില്‍ പശുക്കടത്ത് ആരോപിച്ച് ഡ്രൈവവറെയും സഹായിയെയും ആക്രമിച്ചു. അക്രമികള്‍ പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയി. കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ െ്രെഡവറുമായ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരെയാണ് ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ഇവര്‍ ആരോപിച്ചു.

തിങ്കളാഴ്ച രാവിലെ 6.30യോടെ എന്‍മകജെ മഞ്ചനടുക്കത്താണ് സംഭവം. അറവിനായി പശുക്കളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് തങ്ങളെ അക്രമിച്ചത്. എന്നാല്‍, പുത്തൂര്‍ കെദിലയില്‍ നിന്നു രണ്ടു പശുക്കളെയും കിടാവിനെയും പിക്കപ്പ് വാനില്‍ ബന്തിയോട്ടേക്ക് വളര്‍ത്താന്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. പുത്തൂരിലെ ഇസ്മാഈല്‍ എന്നയാളാണ് പശുക്കളെ ബന്തിയോട് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളര്‍ത്തു കേന്ദ്രം നടത്തുന്ന ഹാരിസിന്റെ വീട്ടില്‍ ഏല്‍പിക്കാന്‍ 50,000 രൂപയും ഇസ്മാഈല്‍ നല്‍കിയിരുന്നു. ഈ പണം നല്‍കാനായി ഹാരിസിന്റെ വീട്ടിലെത്തിയപ്പോഴാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ ഏഴംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന് ഹംസയും അല്‍ത്താഫും പറഞ്ഞു.

ക്രൂരമായി മര്‍ദ്ദിച്ച ശേഷം താക്കോല്‍ പിടിച്ചുവാങ്ങി വാനും പശുക്കളെയും ഇവര്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിയുടെ ഡാഷ് ബോക്‌സില്‍ വച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു. ബദിയടുക്ക പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിനിരയായവരില്‍ നിന്നു പോലിസ് മൊഴിയെടുത്തു. ഹ്യുണ്ടായി ഇയോണ്‍ കാറിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പും കാസര്‍കോഡ് കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് പശുക്കടത്തിന്റെ പേരില്‍ അക്രമമുണ്ടായിട്ടുണ്ട്. 

Tags:    

Similar News