സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

Update: 2023-03-23 16:22 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതിനൊപ്പം ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കൊവിഡ് വ്യാപനത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രോഗപ്രതിരോധ ശേഷിയെ മറികടക്കാന്‍ ശേഷിയുളള വകഭേദമായതിനാല്‍ അതീവ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.

    രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളെ സജ്ജമാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മമ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനുണ്ടാകുന്നത്. ബുധനാഴ്ച മാത്രം 210 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലായിരുന്നു കൂടുതല്‍ കേസുകള്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കാലത്തേത് പോലെ പ്രതിദിന രോഗികളുടെ എണ്ണം കൂടിയാല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതേസമയം കഴിഞ്ഞ ദിവത്തെ മരണ കണക്കില്‍ വന്ന പിഴവില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദമുണ്ടോയെന്ന് അറിയാന്‍ ജീനോമിക് പരിശോധനകള്‍ നടത്തും. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News