എട്ട് രോഗികള്‍ക്കും മൂന്നു കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ്; പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ആശങ്ക

Update: 2020-07-28 13:09 GMT

കണ്ണൂര്‍: ജില്ലയെ ആശങ്കയിലാഴ്ത്തി പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ കൊവിഡ് വ്യാപനം തുടരുന്നു. ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലെ എട്ടു രോഗികള്‍ക്കും മൂന്നു കൂട്ടിരിപ്പുകാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. റാപിഡ് പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നിരവധി ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപറേഷന്‍ തിയേറ്ററുകള്‍, ഐസിയു തുടങ്ങി അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ള മേഖലകള്‍ 30 വരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. അണുനശീകരണം നടത്തി 31 മുതല്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാണു തീരുമാനം.

    ഇതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് ഇന്ന് വീണ്ടും ജനറല്‍ വാര്‍ഡിലെ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മാത്രം ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഒരു ഹൗസ് സര്‍ജന്‍, മൂന്ന് സ്റ്റാഫ് നഴ്‌സുമാര്‍, രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്‍സ്, ഫാര്‍മസിസ്റ്റ് എന്നിവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 150 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലാണ്. വിവിധ രോഗങ്ങള്‍ക്കായി ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ 12 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിലെ പ്രധാന കൊവിഡ് കേന്ദ്രങ്ങളിലൊന്നായ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ആശങ്കാജനകമായ രീതിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ കൊവിഡ് പടരുന്നത് ആരോഗ്യവകുപ്പിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.  

Covid: Anxiety in Pariyaram Govt. medical college

Tags:    

Similar News