കൊവിഡ് തീവ്രവ്യാപനം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തിര യോഗം

വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ നീക്കം.

Update: 2021-04-15 01:04 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ഇന്ന് 11ന് ഓണ്‍ലൈനായി യോഗം ചേരും. ജില്ലാ കലക്ടര്‍മാര്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതില്‍ പ്രധാനമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ആലോചനയുണ്ട്. അതാത് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 144 അടക്കം പ്രഖ്യാപിക്കാന്‍ ഉള്ള അനുമതി കലക്ടര്‍മാര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ പോലിസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണം കര്‍ക്കശമാക്കനും ആലോചിക്കുന്നുണ്ട്. ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി വാക്‌സീന്‍ വിതരണം വേഗത്തിലാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പിലാക്കുക.

വാക്‌സിനേഷന്‍ വഴി ആര്‍ജിത പ്രതിരോധ ശേഷി പരമാവധി പേരില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്‌സീന്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇത് കൂടാതെ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കൂട്ടുന്നതും സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതും യോഗത്തില്‍ ചര്‍ച്ചയാവും.

Tags:    

Similar News