കാസര്‍കോട് കൊവിഡ് പരിശോധനയില്‍ നിയന്ത്രണം; സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യും

ഇന്ന് ജില്ലയില്‍ സങ്കീര്‍ണ ദിവസമാണെന്ന് ജില്ലാ കലക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്‌സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കലക്ടര്‍ അറിയിച്ചു.

Update: 2020-03-25 10:09 GMT

കാസര്‍കോട്: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാസര്‍കോഡ് ജില്ലയില്‍ കൊവിഡ് സ്രവ പരിശോധനയ്ക്ക് നിയന്ത്രണവുമായി കാസര്‍കോട് ജില്ലാ കലക്ടര്‍ സജിത് ബാബു. ഇനി മുതല്‍ പിഎച്ച്‌സികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളുടെ സ്രവങ്ങള്‍ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ശേഖരിക്കൂവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പിഎച്ച്‌സികളുടെ പരിധിയിലുള്ളവര്‍ അതാത് പിഎച്ച്‌സികളെ മാത്രം ആശ്രയിക്കണം. നഗരസഭാ പരിധിയിലുള്ളവര്‍ മാത്രം ജില്ലാ ആശുപത്രിയെയും ജനറല്‍ ആശുപത്രികളെയും ആശ്രയിക്കുക. ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവരെയായിരിക്കും പിഎച്ച്‌സികളിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോര്‍ട്ടബിള്‍ എക്‌സറെയും സ്ഥാപിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും കലക്ടര്‍ അറിയിച്ചു. ഇന്ന് ജില്ലയില്‍ സങ്കീര്‍ണ ദിവസമാണെന്ന് ജില്ലാ കലക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 75 സാമ്പിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതല്‍ ആളുകളില്‍ രോഗ ലക്ഷണം കാണുന്നതാണ് ജില്ലയില്‍ ആശങ്ക ഉണ്ടാക്കുന്നത്. ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോള്‍ അറിയാമെന്നും കലക്ടര്‍ പറഞ്ഞിരുന്നു.

എരിയാല്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ ഒരാളുടെയും സന്നദ്ധ പ്രവര്‍ത്തനം ഇപ്പോള്‍ ആവശ്യമില്ല. സര്‍ക്കാര്‍ അനുമതി ഇല്ലാതെ ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തരുതെന്നും ഈ കാര്യം പറഞ്ഞ് ആരെങ്കിലും തെരുവില്‍ ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ജില്ലയിലെ രോഗികളെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മംഗളൂരു പാത അടച്ചതുകൊണ്ടാണ് തീരുമാനം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരു അസിസ്റ്റന്റ് സൂപ്രണ്ടിനെ അധികമായി നിയമിച്ചുവെന്നും കലക്ടര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന സുരക്ഷയിലാണ് കാസര്‍കോട് ജില്ല. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജില്ല പൂര്‍ണമായും നിശ്ചലമായി. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങിയവരെ പോലിസ് വിരട്ടിയോടിക്കുകയാണ്. ആയിരത്തി അഞ്ഞൂറ് പോലിസുകാരെ അധികം വിന്യസിച്ചിട്ടുണ്ട്. മേല്‍നോട്ടത്തിനായി ഐജി അടക്കം അഞ്ച് ഐപിഎസുകാര്‍ വേറെയും ജില്ലയിലുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. 

Tags:    

Similar News