കൊവിഡ് 19: യഥാര്‍ഥ വിവരം മറച്ചുവെച്ച് ചികിത്സതേടി: യുവാവിനെതിരേ കേസെടുത്തു
കഴിഞ്ഞമാസം ആദ്യവാരത്തില്‍ നാട്ടിലെത്തിയതാണെന്നാണ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്. പിന്നീടാണ് ഈമാസം 20നാണ് എത്തിയ ആളാണെന്നും വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ക്ക് വിവരം ലഭിച്ചത്.
പെരിന്തല്‍മണ്ണ: വിദേശത്തുനിന്ന് നാട്ടിലെത്തിയ തീയതിയും മറ്റും മറച്ചുവെച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനെതിരേ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍കോളജ് ആശുപത്രിയിലാണ് സംഭവം. 32കാരനാണ് തോള്‍ ശസ്ത്രക്രിയക്ക് ആശുപത്രിയിലെത്തിയത്. നാട്ടിലെത്തിയപ്പോള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ വിമാനത്താവളത്തില്‍നിന്ന് നിര്‍ദേശിച്ചിരുന്നതായും പറയുന്നു.
20ന് ആശുപത്രിയിലെ തീയേറ്റര്‍ സമുച്ചയത്തില്‍ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞമാസം ആദ്യവാരത്തില്‍ നാട്ടിലെത്തിയതാണെന്നാണ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്. പിന്നീടാണ് ഈമാസം 20നാണ് എത്തിയ ആളാണെന്നും വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഇതോടെ ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റുകയും കളക്ടര്‍, ഡിഎംഒ, പോലിസ് എന്നിവരെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് ആംബുലന്‍സില്‍ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആശുപത്രി ജീവനക്കാരെയും വീടുകളില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.