കൊവിഡ് 19: രാജ്യത്തെ മൂന്ന് സോണുകളാക്കി തിരിക്കും

Update: 2020-04-12 06:43 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 കേസുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രം രാജ്യത്തെ മൂന്ന് സോണുകളാക്കി തിരിക്കും. ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. ചുവന്ന മേഖലകളില്‍ ഒരു പ്രവര്‍ത്തനവും ഉണ്ടാകില്ല. ഈ പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടും. ഓറഞ്ച് സോണ് പ്രഖ്യാപിച്ച പ്രദേശളിലും പരിമിതമായ പൊതുഗതാഗത സംവിധാനം പുനരാരംഭിക്കും. ഇവിടെ അടിയന്തിരമായി ആവശ്യമുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിളവെടുപ്പ് തുടങ്ങിയ മിനിമം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. നിയമങ്ങള്‍ക്ക് ചെറിയ അയവും ഉണ്ടാവും. പച്ച സോണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ചെറുകിട വ്യവസായങ്ങള്‍ക്ക് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നാണ് റിപോര്‍ട്ട്. അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണയായിരുന്നു.



Tags: