കെഎന്‍എം സ്ഥാപനങ്ങളും പള്ളികളും സന്നദ്ധ പ്രവര്‍ത്തകരെയും സര്‍ക്കാരിന് വിട്ടുനല്‍കും

ആരോഗ്യ പ്രവര്‍ത്തകരോ സര്‍ക്കാരോ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കെഎന്‍എം പള്ളിയടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വിട്ടുനല്‍കാനും സൗകര്യം ഒരുക്കികൊടുക്കാനും പ്രാദേശിക ഘടകങ്ങള്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Update: 2020-03-25 07:23 GMT

കോഴിക്കോട്: കോവിഡ് 19 വ്യാപനം തടയുന്നതിനായി സര്‍ക്കാരിനെ സഹായിക്കാന്‍ കെഎന്‍എമ്മിന്റെ കീഴിലുള്ള പള്ളികള്‍ ഉള്‍പ്പടെ മുഴുവന്‍ സ്ഥാപനങ്ങളും വിട്ടുനല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനിയും ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനിയും അറിയിച്ചു. കെഎന്‍എമ്മിന് കീഴില്‍ നേരിട്ടും പ്രസ്ഥാന പ്രവര്‍ത്തകരുടെ മേനോട്ടത്തില്‍ നടക്കുന്നതുമായ ആശുപത്രികള്‍, ഫാര്‍മസി കോളജുകള്‍ എന്നിവ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിയന്തര കാര്യങ്ങള്‍ക്കായി വിട്ടുനല്‍കും.

ആരോഗ്യ പ്രവര്‍ത്തകരോ സര്‍ക്കാരോ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കെഎന്‍എം പള്ളിയടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വിട്ടുനല്‍കാനും സൗകര്യം ഒരുക്കികൊടുക്കാനും പ്രാദേശിക ഘടകങ്ങള്‍ ശ്രദ്ധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കെഎന്‍എമ്മിന്റെ പോഷക ഘടകമായ ഐഎംബിയുടെയും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടെയും മുഴു സമയ സേവനം സര്‍ക്കാരുമായി ആലോചിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നല്‍കും. ഐഎംബിയുടെ കീഴില്‍ മെഡിക്കല്‍ കിറ്റുകള്‍ ശേഖരിച്ച് സര്‍ക്കാരിലൂടെ വിതരണം ചെയ്യാനുള്ള വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് ആവശ്യമുള്ള മെഡിക്കല്‍ കിറ്റുകളാണ് ഐഎംബി നല്‍കുന്നത്. കെഎന്‍എമ്മിന്റെ യുവ ഘടകമായ ഐഎസ്എം ന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ സേവന രംഗത്ത് സജീവമാണ്. രാജ്യം ലോക്കഡൗണിലേക്ക് നീങ്ങിയപ്പോള്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിക്കാന്‍ ഐഎസ്എം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കെഎന്‍എം നേതാക്കള്‍ അറിയിച്ചു. 

Tags:    

Similar News