കൊവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 332 ആയി ഉയര്‍ന്നു

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

Update: 2020-03-22 02:23 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ 48 മണിക്കൂറിനുള്ളില്‍ 40 ശതമാനം വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 77 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 57 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 332 ആയി ഉയര്‍ന്നു.

പുതിയതായി 13 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 39 പേര്‍ വിദേശികളാണ്. വിദേശത്തെ 276 ഇന്ത്യക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

കൊവിഡ് 19നെ പ്രതിരോധിക്കാനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. രാജ്യം ഇന്ന് 'ജനതാ കര്‍ഫ്യൂ' പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരേയാണ് കര്‍ഫ്യൂ. രാജസ്ഥാനില്‍ മാര്‍ച്ച് 31വരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. മരുന്നും ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്ന കടകളൊഴികെ എല്ലാ കടകളും ഓഫീസുകളും അടച്ചിടും. പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്താനാണ് നീക്കം. മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളില്‍ പൊതുജനങ്ങളെ വിലക്കി. പോലിസും ആരോഗ്യപ്രവര്‍ത്തകരുമടക്കം അവശ്യ സേവനത്തിനിറങ്ങുന്നവര്‍ക്കും ചികിത്സയ്ക്ക് പോവുന്നവര്‍ക്കും മാത്രമാവും ട്രെയിനില്‍ സഞ്ചരിക്കാനാവുക.

മാര്‍ച്ച് 31 വരെയാണ് നിരോധനം. സബര്‍ബനിലെ നിയന്ത്രണം മുബൈയെ നിശ്ചലമാക്കും. ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, സൂറത്ത്,വഡോദര,രാജ്‌കോട് എന്നിവിടങ്ങളില്‍ എല്ലാ സ്ഥാപനങ്ങളും കടകളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മാര്‍ച്ച് 25വരെയാണ് നിയന്ത്രണം. ഈ നഗരങ്ങളില്‍ മൂന്ന് ദിവസം കൊണ്ട് താല്‍ക്കാലിക ആശുപത്രികള്‍ പണിയാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.അതിര്‍ത്തി അടയ്ക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. മാര്‍ച്ച് 31വരെയാണ് നിരോധനം.

കേരളത്തില്‍ ഇന്നലെ 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ കണ്ണൂര്‍ ജില്ലയിലും ആറ് പേര്‍ കാസര്‍കോട് ജില്ലയിലും മൂന്നു പേര്‍ എറണാകുളം ജില്ലയിലുമാണ്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവര്‍ 52 പേരായി. 49 പേരാണ് ചികിത്സയിലുള്ളത്. ആകെ 53,013 പേര്‍ നിരീക്ഷണത്തിലുണ്ട്.

Tags:    

Similar News