ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു; അമേരിക്കയില്‍ മാത്രം 54,000 മരണം

91 ദിവസം കൊണ്ട് മരണം ഒരു ലക്ഷം കടന്നപ്പോള്‍, മരണ സംഖ്യ രണ്ട് ലക്ഷമാകാന്‍ വെറും പതിനാറ് ദിവസം മാത്രമാണ് എടുത്തതെന്ന കണക്കുകള്‍ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.

Update: 2020-04-26 02:10 GMT

ന്യൂയോര്‍ക്ക്: ലോകത്തെ വിറപ്പിച്ച മഹാമാരിയില്‍ മരണം രണ്ട് ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് 16 ദിവസത്തിനിടെ മരിച്ചത് ഒരു ലക്ഷം പേര്‍. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,000 ല്‍ അധികമായി. ബ്രിട്ടനില്‍ മരണ സംഖ്യ ഇരുപതിനായിരം കടന്നു. അതേസമയം കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 10 ദിവസമായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നാല് മാസത്തിനിടെ 210 രാജ്യങ്ങളിലായി വ്യാപിച്ച മഹാമാരി ഇതുവരെ കവര്‍ന്നത് രണ്ട് ലക്ഷം ജീവനുകളാണ്. 91 ദിവസം കൊണ്ട് മരണം ഒരു ലക്ഷം കടന്നപ്പോള്‍, മരണ സംഖ്യ രണ്ട് ലക്ഷമാകാന്‍ വെറും പതിനാറ് ദിവസം മാത്രമാണ് എടുത്തതെന്ന കണക്കുകള്‍ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.

വരുന്ന കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പല രാജ്യങ്ങളിലും നഴ്‌സിങ് ഹോമുകളിലേയും ആശുപത്രിക്ക് പുറത്തുള്ള മരണങ്ങളും കൂടി രേഖപ്പെടുത്തിയാല്‍ നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കൊവിഡ് മരണമുണ്ടാകുമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,000 കവിഞ്ഞു. ഇറ്റലിയില്‍ 26,000 ആയിരം കടന്നു. യുകെയില്‍ നാലായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Tags: