കോവിഡ് 19: സംസ്ഥാനത്ത് 7677 പേര്‍ നിരീക്ഷണത്തില്‍; പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി

ഇന്ന് 106 പേരെയാണ് അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 1897 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1345 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Update: 2020-03-14 15:44 GMT

തിരുവനന്തപുരം: 129 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7677 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി. ഇവരില്‍ 7375 പേര്‍ വീടുകളിലും, 302 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 106 പേരെയാണ് അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 1897 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1345 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതുതായി ആര്‍ക്കും കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ ആകെ 22 പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 19 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലുള്ളത്.

കോവിഡ് 19 രോഗബാധയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. കോവിഡ്19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.

രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. ആലിംഗനം അല്ലെങ്കില്‍ ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും ഇടയ്ക്കിടെ കൈകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുകയും ചെയ്യുന്ന ആളുകള്‍ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു. മാസ്‌ക് ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിക്കേണ്ട മാര്‍ഗങ്ങള്‍ മനസിലാക്കി ഉപയോഗിക്കേണ്ടതും ഉപയോഗശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കേണ്ടതുമാണ്. പൊതുജനങ്ങള്‍ എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതില്ല. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News