നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: റൂറല്‍ എസ്പി അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു

സംഭവിച്ച കാര്യങ്ങളും പോലിസ് നടപടികളും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Update: 2021-01-01 18:53 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവിച്ച കാര്യങ്ങളും പോലിസ് നടപടികളും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇക്കഴിഞ്ഞ 22നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്ഥലം ഒഴിപ്പിക്കല്‍ നടപടിക്കായി പോലിസ് എത്തിയപ്പോഴാണ് ദമ്പതിമാരായ രാജന്‍, അമ്പിളി എന്നിവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി തീ കൊളുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയും ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമായിരുന്നു. കോടതി ഉത്തരവ് പ്രകാരം ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടെയാണ് ദമ്പതിമാരായ രാജനും ഭാര്യ അമ്പിളിയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

ഒരു വര്‍ഷം മുമ്പ് അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കയ്യേറിയതിനെതിരേ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. എന്നാല്‍ രാജന്‍ ഈ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി. കഴിഞ്ഞ ജൂണില്‍ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് പോലിസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്.

Tags:    

Similar News