സിഒടി നസീര്‍ വധശ്രമക്കേസ്: മുഖ്യപ്രതികള്‍ കീഴടങ്ങി

Update: 2019-06-07 18:03 GMT

തലശ്ശേരി: വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശ്ശേരി ശ്രീലക്ഷ്മി ക്വാര്‍ട്ടേഴ്‌സില്‍ റോഷന്‍ (26) എന്നിവരാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ റിമാന്‍ഡിലായവരുടെ എണ്ണം അഞ്ചായി

കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇപ്പോള്‍ കീഴടങ്ങിയവര്‍. രണ്ട് പേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡന്‍സിക്ക് സമീപമാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത്, മുഖ്യപ്രതി റോഷന്‍ ബാബുവിനെ തമിഴ്‌നാട്ടിലെ ധര്‍മപുരി ഹുസൂറില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച വികെ ബിശ്വാസ് എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Tags: