അമ്പലവയൽ കാർഷിക ​വിജ്ഞാന കേന്ദ്രത്തിൽ അരങ്ങേറുന്നത് അഴിമതി

യന്ത്രം വാങ്ങി കാലങ്ങളായെങ്കിലും ഇതുവരെയും വാടകയ്ക്ക് നൽകുന്നതിന്റെ പോക്കുവരവ് രജിസ്റ്റർ സമ്പ്രദായം ഇല്ല.

Update: 2020-07-24 09:08 GMT

കൽപ്പറ്റ: വയനാട് ജില്ലയിലെ അമ്പലവയൽ കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ അരങ്ങേറുന്നത് അഴിമതി. പോക്കുവരവ് കാണിക്കാതെ ഞാറ് നടീൽ യന്ത്രം വാടകയ്ക്ക് നൽകുന്നത് പതിവാണ്. സർക്കാരിലേക്ക് വാടകയിനത്തിൽ ലഭിക്കേണ്ട തുക പോക്കറ്റിലാക്കി ഉദ്യോ​ഗസ്ഥർ വിലസുന്നു.

വയനാട് ജില്ലയിലെ കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോ​ഗസ്ഥൻ രാജമണിയും പ്രാദേശിക കാർഷിക ​ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരൻ സുനിൽകുമാറും തമ്മിലാണ് യന്ത്രങ്ങൾ കൊടുക്കൽ വാങ്ങലുകൾ നടത്തിക്കൊണ്ട് അഴിമതി നടത്തുന്നത്. ഞാറ് നടീൽ യന്ത്രം വാടകയ്ക്ക് കൊടുക്കുമ്പോൾ പോക്കുവരവ് കാണിക്കാതെ കൈമാറുന്നത് പതിവാണ്. യന്ത്രം വാങ്ങി കാലങ്ങളായെങ്കിലും ഇതുവരെയും വാടകയ്ക്ക് നൽകുന്നതിന്റെ പോക്കുവരവ് രജിസ്റ്റർ സമ്പ്രദായം ഇല്ല. ഇതിനെതിരേ സാധാരണ കർഷകർ ആക്ഷപങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും നടപടിയില്ല.


സാധരണയായി ഒരു കർഷകന് ഈ യന്ത്രം വിട്ടു നൽകുന്നത് രേഖാമൂലം അപേക്ഷിച്ചാൽ മാത്രമാണ്. ഒരേക്കർ ഞാറു നടീലിന് 300 രൂപയാണ് കൃഷി വകുപ്പ് കർഷകരിൽ നിന്ന് ഈടാക്കുന്നത്. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികൾ ഉണ്ടായാൽ കർഷകൻ തന്നെ അത് ചെയ്യണം എന്ന വ്യവസ്ഥയോടെ മാത്രമാണ് യന്ത്രം വിട്ടുനൽകാറാണ് പതിവ്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി രേഖാമൂലം അപേക്ഷിക്കാതെ സുനിൽകുമാർ യന്ത്രം അമ്പലവയൽ കാർഷിക ​വിജ്ഞാന കേന്ദ്രത്തിൽ നിന്നും കൊണ്ടുപോയിരിക്കുകയാണ്. കൂളാടി വയലിലേക്കാണ് യന്ത്രം കൊണ്ടുപോയതെന്നാണ് വിവരം.

തന്നെ ഫോണിൽ വിളിച്ച് അനുമതി വാങ്ങിയാണ് സുനിൽകുമാർ ഞാറ് നടീൽ യന്ത്രം കൊണ്ടുപോയതെന്നാണ് ഇതിന്റെ ചുമതല വഹിക്കുന്ന ഉദ്യോ​ഗസ്ഥൻ രാജമണി തേജസ് ന്യൂസിനോട് പറഞ്ഞത്. സാധാരണ ഒരു കർഷകൻ നിങ്ങളെ ഇങ്ങനെ ഫോണിൽ വിളിച്ച് അനുവാദം ചോദിച്ചാൽ യന്ത്രം വിട്ടുകൊടുക്കുമോ എന്ന് ചോദിച്ചപ്പോൾ സുനിൽ കുമാർ കൃഷിവകുപ്പിലെ ജീവനക്കാരൻ ആണെന്നാണ് മറുപടി പറഞ്ഞത്.

ഇവരുടെ നേതൃത്വത്തിൽ വ്യാപക അഴിമതിയാണ് കാർഷിക വിജ്ഞാന കേന്ദ്രത്തിൽ നടക്കുന്നതെന്നാണ് പ്രദേശത്തെ കർഷകർ പറയുന്നത്. ഇവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രമാണ് ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നതെന്നും ഇവർ പറയുന്നു. ക്വാറന്റൈൻ ലംഘിച്ച് സ്ഥാപനത്തിൽ നേരിട്ടെത്തിയാണ് സുനിൽ കുമാർ യന്ത്രം കൊണ്ടുപോയതെന്നതും മറ്റൊരു യാഥാർത്ഥ്യമാണ്. 

Tags:    

Similar News