കൊറോണ: എട്ട് ദിവസം കൊണ്ട് ആശുപത്രി നിര്‍മിച്ച് ചൈന

Update: 2020-02-03 05:36 GMT

ബെയ് ജിങ്: കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ പുതിയ ആശുപത്രി നിര്‍മിച്ചു. ഒരേ സമയം 1000 പേരെ കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന ആശുപത്രിയാണ് വെറും എട്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലിസുകാരുമുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കിയത്.

    അതേസമയം, വൈറസ് ബാധ ഏറ്റവും വര്‍ധിച്ചുവരുന്ന ഹുബെ പ്രവിശ്യയിലെ ആശുപത്രികളില്‍ സ്ഥിതിഗതികള്‍ പരിതാപകരമാണന്നും റിപോര്‍ട്ടുണ്ട്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം കുറഞ്ഞുവരികയാണ്. അതിനിടെ, ഹോങ്കോങ്ങില്‍ ആശുപത്രി ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ സമരത്തിലാണ്. മെയിന്‍ലാന്‍ഡ് ചൈനയുമായുള്ള അതിര്‍ത്തി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരം തുടങ്ങിയത്. എന്നാല്‍ അതിര്‍ത്തി അടയ്ക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.




Tags: