കൊവിഡ് 19: ജിമ്മുകളും തിയേറ്ററുകളും അടച്ചിടും; നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു
വൈറസ് ബാധയെ തുടര്‍ന്ന് ഗോവയിലും നിയന്ത്രണങ്ങള്‍ ശക്തമാണ്. ഗോവയില്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമം നടപ്പാക്കും. ഷിഗ്മോ ഫെസ്റ്റ് അടക്കം ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഒമ്പതാം ക്ലാസ് വരെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ മുംബൈ, നവി മുംബൈ, പൂനെ, നാഗ്പൂര്‍, പിന്‍പ്രി ചിന്‍ച്വാദ് എന്നീ നഗരങ്ങളില്‍ സിനിമ തിയേറ്ററുകളും ജിമ്മുകളും മാളുകളും അടച്ചിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. രാജ്യത്ത് ഇതുവരെ 84 പേര്‍ക്കാണ് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
പഞ്ചാബില്‍ മാര്‍ച്ച് 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സ്‌കൂളുകളും കോളജുകളുമുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല അറിയിച്ചു.
വൈറസ് ബാധയെ തുടര്‍ന്ന് ഗോവയിലും നിയന്ത്രണങ്ങള്‍ ശക്തമാണ്. ഗോവയില്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമം നടപ്പാക്കും. ഷിഗ്മോ ഫെസ്റ്റ് അടക്കം ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഒമ്പതാം ക്ലാസ് വരെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണ രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തി വച്ചിട്ടുണ്ട്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിയത് ഏപ്രില്‍ 30 വരെയാണ് നിലവില്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചിരിക്കുന്നത്.
കേരളത്തില്‍ പുതിയതായി രണ്ട് കേസുകള്‍ കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ ഇറ്റലി പൗരനും യുകെയില്‍ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും നിയന്ത്രണങ്ങള്‍ ശക്തമായി തുടരുകയാണ്. വിവിധ ജില്ലകളില്‍ ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
