സൗദിയിലെ അബഹയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ

ഖമീസ് മുശൈത്തിലെ അല്‍ ഹയാത്ത് നാഷണല്‍ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന് ഫിലിപ്പിനോ സ്വദേശിനിയായ രോഗിയില്‍ നിന്നാണ് കൊറോണ ബാധിച്ചത്.

Update: 2020-01-22 19:33 GMT

തിരുവനന്തപുരം: സൗദി അബഹയില്‍ മലയാളി നഴ്‌സിനു കൊറോണ രോഗബാധ. കോട്ടയം സ്വദേശിനിയായ ഈ യുവതിയെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

ഖമീസ് മുശൈത്തിലെ അല്‍ ഹയാത്ത് നാഷണല്‍ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന് ഫിലിപ്പിനോ സ്വദേശിനിയായ രോഗിയില്‍ നിന്നാണ് കൊറോണ ബാധിച്ചത്. പനിയും മറ്റും അനുഭവപ്പെട്ട ഫിലിപ്പിനോക്ക് നാല് ദിവസം കഴിഞ്ഞാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് കോട്ടയം സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. കൊറോണ ബാധിച്ച ഫിലിപ്പിനോ സ്വദേശിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഫിലിപ്പിനോ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അവരുമായി ഇടപെട്ടിരുന്ന മുപ്പതോളം നഴ്‌സുമാരെ പ്രത്യകം മാറ്റി താമസിപ്പിച്ച് എല്ലാവരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു പരിശോധനക്ക് വിട്ടിരുന്നു. ആദ്യഘട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ ആണ് മലയാളി യുവതിക്ക് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പകുതിയില്‍ അധികം പേരും ഇപ്പോഴും പരിശോധനാഫലം കാത്തിരിക്കുകയാണ്. അവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.

കൊറോണ ബാധയാണെന്ന സ്ഥിരീകരണം ലഭിച്ചതോടെ ഇന്ത്യന്‍ ജീവനക്കാര്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. നോര്‍ക്കയുമായും ബന്ധപ്പെട്ട് അവര്‍ വിവരം നല്‍കി.

അല്‍ ഹയാത്ത് ആശുപത്രിയില്‍ കൊറോണ വൈറസിനുള്ള ചികില്‍സ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ഇടപെടണമെന്ന് ജീവനക്കാര്‍ എംബസിയുമായി ബന്ധപ്പെട്ട് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മലയാളി നഴ്‌സ് അടക്കം വൈറസ് ബാധിച്ചവരെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

Tags:    

Similar News