കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച കാസര്‍കോഡ് സ്വദേശികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

Update: 2020-03-24 07:52 GMT

കാസര്‍കോഡ്: കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണമായി അടച്ചിട്ട കാസര്‍കോട്ട് നടപടി ശക്തമാക്കുന്നു. വിദേശത്തുനിന്നെത്തി 14 ദിവസം നിരീക്ഷണത്തില്‍ കഴിയാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് കാസര്‍കോഡ് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊറോണ നിയന്ത്രണം ലംഘിച്ചവരുടെ പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടാനാണ് തീരുമാനം. ഇപ്പോള്‍ രണ്ടുപേരുടെ പാസ്‌പോര്‍ട്ടാണ് കണ്ടുകെട്ടുക. വിലക്ക് വീണ്ടും ലംഘിക്കുകയാണെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികളെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.

    ജില്ലയില്‍ കൊവിഡ് 19 പടരാന്‍ കാരണക്കാരനായ പ്രവാസിക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. വിദേശത്തുനിന്നെത്തിയ ശേഷം ഇദ്ദേഹം കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി. വിദേശത്തുനിന്നെത്തിയവര്‍ 14 ദിവസം നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നാണു നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ വരുംദിവസങ്ങളിലും നിയമ നടപടി തുടരാനാണ് കാസര്‍കോഡ് ജില്ലാ ഭരണകൂടത്തിന്റെയും പോലിസിന്റെയും തീരുമാനം.



Tags: