ഡെന്‍മാര്‍ക്കില്‍ മാളില്‍ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

തെക്കന്‍ കോപ്പന്‍ഹേഗനിലെ ഫീല്‍ഡ് മാളില്‍ ഷോപ്പര്‍മാരില്‍ പരിഭ്രാന്തി പരത്തിയ ആക്രമണത്തിന് 22 കാരനായ ഡെന്‍മാര്‍ക്ക് പൗരനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു.

Update: 2022-07-04 01:12 GMT

കോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്): ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നിലഗുരുതരമാണെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ കോപ്പന്‍ഹേഗനിലെ ഫീല്‍ഡ് മാളില്‍ ഷോപ്പര്‍മാരില്‍ പരിഭ്രാന്തി പരത്തിയ ആക്രമണത്തിന് 22 കാരനായ ഡെന്‍മാര്‍ക്ക് പൗരനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്നും തീവ്രവാദ പ്രവര്‍ത്തനത്തെ തള്ളിക്കളയാനാവില്ലെന്നും പോലിസ് മേധാവി സോറന്‍ തോമസ്സെന്‍ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡെന്മാര്‍ക്കിന് ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നതെന്ന് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന്‍ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ട്, ഈ ദുഷ്‌കരമായ സമയത്ത് ഒരുമിച്ച് നില്‍ക്കാനും പരസ്പരം പിന്തുണയ്ക്കാനും അവര്‍ ആവശ്യപ്പെട്ടു.

വെടിവെപ്പ് നടന്ന കോപ്പന്‍ഹേഗന്‍ സിറ്റി സെന്ററിനും വിമാനത്താവളത്തിനും ഇടയിലുള്ള വലിയ ഫീല്‍ഡ് മാളിന് ചുറ്റും സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കോപ്പന്‍ഹേഗന്‍ പോലിസ് ട്വിറ്ററില്‍ കുറിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നു.

'കനത്ത വെടിവെപ്പാണ് നടന്നത്. എത്രപേര്‍ക്ക് പരിക്കേറ്റുവെന്നോ മരിച്ചുവെന്നോ ഞങ്ങള്‍ക്ക് ഇതുവരെ കൃത്യമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണ്'- കോപ്പന്‍ഹേഗന്‍ മേയര്‍ സോഫി ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

നൂറുകണക്കിന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാളില്‍, പ്രാദേശിക സമയം വൈകീട്ട് അഞ്ചരയോടെ ഏറെ തിരക്കുള്ള സമയത്താണ് വെടിവെപ്പ് നടന്നത്. ബ്രിട്ടീഷ് ഗായകന്‍ ഹാരി സ്‌റ്റെയ്ല്‍സിന്റെ പരിപാടി നടക്കുന്നതിന് ഒന്നര കിലോമീറ്റര്‍ സമീപത്തായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് പരിപാടി മാറ്റി. കഴിഞ്ഞയാഴ്ച നോര്‍വേ നഗരമായ ഒസ്ലോയിലെ ബാറിന് പുറത്ത് വെടിവെപ്പ് നടന്നിരുന്നു. അന്ന് രണ്ട് പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags: