ഇനി മാസംതോറും എണ്ണക്കമ്പനികൾക്ക് പാചക വാതക വില വർധിപ്പിക്കാം

നിലവിൽ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ഓരോ വീട്ടിലേക്കും വാങ്ങാവുന്നത്.

Update: 2020-02-19 01:34 GMT

ന്യൂഡൽഹി: ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. പാചക വാതകത്തിന് നൽകിവരുന്ന സബ്‌സിഡി ബാധ്യതയിൽ നിന്ന് കൈകഴുകാനാണ് സർക്കാരിന്റെ ഈ നീക്കം. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന തീരുമാനം വരുംദിവസങ്ങളിൽ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കും.

പെട്രോളിനും ഡീസലിനും സബ്സിഡി ഇല്ലാതാക്കിയ അതേ രീതിയിൽ പാചക വാതകത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കാനാണ് ശ്രമം. ഓരോ മാസവും നാലോ അഞ്ചോ രൂപ വീതം വില വർധിപ്പിക്കും. 2019 ജൂലൈക്കും 2020 ഫെബ്രുവരിക്കും ഇടയിൽ 209 രൂപയാണ് പാചക വാതകത്തിന്റെ വില വർധിപ്പിച്ചത്.

നിലവിൽ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ഓരോ വീട്ടിലേക്കും വാങ്ങാവുന്നത്. അതിന് മുകളിൽ ആവശ്യമായി വന്നാൽ അത് വിപണി വിലയിൽ വാങ്ങേണ്ടി വരും. എന്നാൽ പതിയെ പതിയെ നിരക്ക് വർധിപ്പിച്ച്, കേന്ദ്രത്തെ സബ്സിഡി ബാധ്യതയിൽ നിന്ന് പൂർണ്ണമായും അകറ്റുന്നതിനാണ് നീക്കം. ഇത് നടപ്പിലായാൽ സാധാരണക്കാരൻ ഒരു വർഷം 12 സിലിണ്ടറിനും കൂടി വിപണി വില നൽകേണ്ടി വരും.

പാചകവാതക സിലിണ്ടറുകളുടെ സബ്സിഡിക്കായി കേന്ദ്രസർക്കാർ 35605 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത്. എന്നാൽ ഗ്യാസ് വിലയിലുണ്ടാകുന്ന വർധനവ് ഉപഭോക്താക്കളെ വലയ്ക്കുമെന്നതിൽ തർക്കമില്ലെന്നാണ് സാമ്പത്തിക വിധ​ഗ്ധർ പറയുന്നത്. പ്രതിമാസ വർധനവിന് പുറമെ ഓരോ മൂന്ന് മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി വില വർധനവുണ്ടാകുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 

Tags:    

Similar News