പാചകവാതക വിലവര്‍ധന: ബിജെപി സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുന്നു-എം ഐ ഇര്‍ഷാന

Update: 2023-03-01 13:49 GMT

തിരുവനന്തപുരം: പാചകവാതക വില അമിതമായി വര്‍ധിപ്പിച്ച് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജനജീവിതം അനുദിനം ദുസ്സഹമാക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. ഒറ്റ രാത്രി കൊണ്ട് ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബിജെപി ഭരണത്തില്‍ സുരക്ഷയും സമാധാനവും കോര്‍പറേറ്റുകള്‍ക്കു മാത്രമായിരിക്കുന്നു.

സാധാരണക്കാരന്റെ വീട്ടില്‍ അടുപ്പില്‍ തീ പുകയുന്നതു പോലും ബിജെപി സര്‍ക്കാരിന് സഹിക്കാനാവുന്നില്ല എന്നു വ്യക്തമാക്കുന്നതാണ് ഗ്യാസ് വില വര്‍ധന. രാജ്യത്തെ ജനങ്ങള്‍ രാത്രിയാവുന്നത് ഭയത്തോടെയാണ് കാണുന്നത്. ഫാഷിസ്റ്റ് സര്‍ക്കാര്‍ ജനവിരുദ്ധ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇരുട്ടിനെയാണ് മറയാക്കുന്നത്. ഓരോ പുലരിയും ഞെട്ടിയുണരുന്നത് ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ തീരുമാനം കേട്ടുകൊണ്ടാണ്.

വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധന ഹോട്ടല്‍, റെസ്‌റ്റൊറന്റ്, ബേക്കറി മേഖലയെ തകര്‍ക്കും. കൂടാതെ ഭക്ഷണ സാധനങ്ങളുടെ വിലവര്‍ധയ്ക്ക് ഇടയാക്കും. സാധാരണക്കാരന്റെ മേല്‍ ഇടിത്തീയായി മാറുകയാണ് ബിജെപി ഭരണം. ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും എം ഐ ഇര്‍ഷാന ആവശ്യപ്പെട്ടു.

Tags: