കെ സുരേന്ദ്രന്റെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി വിവാദം; ബിരുദം നേടിയിട്ടില്ലെന്ന് സര്‍വകലാശാല

Update: 2021-03-23 17:52 GMT

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി വിവാദം. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയെന്നാണ് സുരേന്ദ്രന്‍ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സുരേന്ദ്രന്‍ ഡിഗ്രി ജയിച്ചിട്ടില്ലെന്ന് സര്‍വകലാശാല വിവരാവകാശപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നതായണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്. മഞ്ചേശ്വരത്തും കോന്നിയിലും താമര അടയാളത്തില്‍ മല്‍സരിക്കുന്ന സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ 1987 മുതല്‍ 90 വരെ ബിഎസ്‌സി രസതന്ത്രം വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ പരീക്ഷ വിജയിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

    

 



എന്നാല്‍, കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ ബിരുദ പരീക്ഷ പാസായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. 94212 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സുരേന്ദ്രന്‍ കെ പരീക്ഷയില്‍ തോറ്റവരുടെ പട്ടികയിലാണുള്ളത്. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആന്റ് ഡെപ്യൂട്ടി രജിസ്ട്രാറാണ് വിവരാവകാശം വഴിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മല്‍സരിച്ചപ്പോഴും വിദ്യാഭ്യാസ യോഗ്യത ബിരുദം എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. കോഴിക്കോട് സര്‍വകലാശാലയിലെ പരീക്ഷാ ഭവന്‍ നല്‍കിയ രേഖകള്‍ സുരേന്ദ്രന് തിരിച്ചടിയാവുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത എന്ന കോളത്തില്‍ നേരത്തെയും ബിരുദം എന്നാണ് സുരേന്ദ്രന്‍ നല്‍കിയിരുന്നത്. ഏതൊരു വിദ്യാഭ്യാസ യോഗ്യതയും നല്‍കുമ്പോള്‍ വിജയിച്ചാല്‍ മാത്രമേ ആ കോഴ്‌സ് നല്‍കാവൂ. അല്ലെങ്കില്‍ തൊട്ടു താഴെയുള്ള യോഗ്യതയാണു കാണിക്കേണ്ടത് എന്നിരിക്കെ സുരേന്ദ്രന്റെ അവകാശവാദം വ്യാജമാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.


Controversy over K Surendran's educational qualifications

Tags:    

Similar News