വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിമുക്ത ഭടനെ കബളിപ്പിച്ചു; ട്രാവല്‍ ഏജന്‍സി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കണ്‍ട്രി ക്ലബ്, കണ്‍ട്രി വെക്കേഷന്‍സ്, കണ്‍ട്രി കോറിഡോര്‍ എന്നീ മൂന്ന് സ്ഥാപനങ്ങള്‍ 5,40,000 രൂപയും മെമ്പര്‍ഷിപ്പ് തുകയായ 75,000 രൂപയും കോടതി ചെലവായി പതിനായിരം രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണം. അല്ലാത്തപക്ഷം 9ശതമാനം പലിശ സഹിതം ഈ തുക നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

Update: 2021-08-12 12:07 GMT

കൊച്ചി: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിമുക്തഭടനെ കബളിപ്പിച്ച ട്രാവല്‍ ഏജന്‍സി നഷ്ടപരിഹാരവും നല്‍കിയ തുകയും കോടതിചെലവും ഒരു മാസത്തിനകം നല്‍കണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. പാലക്കാട് പട്ടാമ്പി താലൂക്കിലെ പാറക്കാട് വീട്ടില്‍ നൂര്‍ മുഹമ്മദ് നല്‍കിയ പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്.

കമ്പനിയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിവിധ സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് ഉപഭോക്താവിനെ അറിയിക്കുകയും സമ്മാനങ്ങള്‍ വാങ്ങുന്നതിനായി വിശാഖപട്ടണത്തെ ഓഫിസില്‍ നേരിട്ട് എത്തിച്ചേരാന്‍ എതിര്‍ കക്ഷി സ്ഥാപനം ആവശ്യപ്പെടുകയുമായിരുന്നു. അതിനായി 75,000 രൂപയുടെ അംഗത്വം എടുപ്പിച്ചു. മറ്റും സമ്മാനങ്ങളായി മൂന്നു പ്ലോട്ടുകള്‍ നല്‍കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. അന്ന് മാത്രമുള്ള ഈ ഓഫര്‍ ലഭിക്കാന്‍ 5,40,000 രൂപ കൂടി ഉപഭോക്താവില്‍ നിന്നുംവാങ്ങി.

കമ്പനിയുടെ എല്ലാവിധത്തിലുമുള്ള ഉല്‍പന്നങ്ങളും അടുത്ത 30 വര്‍ഷത്തേക്ക് വാര്‍ഷിക യാത്രകളും കമ്പനി വാഗ്ദാനം ചെയ്തു. വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കാന്‍ എതിര്‍കക്ഷികള്‍ പിന്നീട് തയ്യാറായതുമില്ല ഈ സാഹചര്യത്തിലാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്.

ഏകപക്ഷീയമായ ഉപാധികളിലൂടെ ഉപഭോക്താവിനെ വഞ്ചിക്കുകയും ഒരുകാരണവശാലും വാങ്ങിയ തുക തിരികെ നല്‍കില്ലെന്നുമുള്ള എതിര്‍കക്ഷികളുടെയുടെ നിലപാടും അനുചിതമായ കച്ചവടരീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. കണ്‍ട്രി ക്ലബ്, കണ്‍ട്രി വെക്കേഷന്‍സ്, കണ്‍ട്രി കോറിഡോര്‍ എന്നീ മൂന്ന് സ്ഥാപനങ്ങള്‍ 5,40,000 രൂപയും മെമ്പര്‍ഷിപ്പ് തുകയായ 75,000 രൂപയും കോടതി ചെലവായി പതിനായിരം രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണം. അല്ലാത്തപക്ഷം 9ശതമാനം പലിശ സഹിതം ഈ തുക നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

Tags: