അധികാരത്തിലെത്തിയാല്‍ നോട്ടുനിരോധന ശേഷമുള്ള ബാങ്ക് നിക്ഷേപം അന്വേഷിക്കും: കോണ്‍ഗ്രസ്

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയത്

Update: 2019-03-11 13:52 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയത്. അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവ നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. ഇതോടെ, നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ ദുരിതത്തിനു പുറമെ രാഷ്ട്രീയമായി ഉന്നം വച്ചുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നുറപ്പായി. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ബുദ്ധിശൂന്യമായ നടപടിയിലൂടെ ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിഞ്ഞു. കള്ളപ്പണം വെളുപ്പിക്കലായിരുന്നു ഇതിലൂടെ നടത്തിയതെന്നും ജയറാം രമേശ് പറഞ്ഞു.

    കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നോട്ട് അസാധുവാക്കലിന്റെ എല്ലാ വശങ്ങളെയും കുറിച്ച് അന്വേഷിക്കും. അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണ ബാങ്ക് നടത്തിയ നിക്ഷേപവും അന്വേഷിക്കും. നോട്ട് നിരോധനത്തിന് മുമ്പും ശേഷവും ബിജെപി വാങ്ങിയ വസ്തുവകകളെയും കുറിച്ച് അന്വേഷിക്കണം. കള്ളപ്പണം വിദേശരാജ്യങ്ങളിലെത്തിച്ച് വെളുപ്പിക്കാന്‍ എങ്ങനെ കഴിഞ്ഞെന്ന് കണ്ടെത്തുമെന്നും ജയറാം രമേശ് പറഞ്ഞു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ 2016 നവംബര്‍ എട്ടിന് ചേര്‍ന്ന ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക് പുറത്തുവിട്ടിരുന്നു. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍ബിഐ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് ഇതില്‍ വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല, നോട്ട് നിരോധനത്തിന് ഒരു മാസത്തിലേറെ ദിവസത്തിനു ശേഷമാണ് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയതെന്നും രേഖകളില്‍ വ്യക്തമായിരുന്നു.




Tags:    

Similar News