കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസിന്റെ 'ഭാരത് ബഛാവോ റാലി' ഇന്ന്

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം റാലിയില്‍ അണിനിരക്കും

Update: 2019-12-14 02:37 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ 'ഭാരത് ബഛാവോ റാലി' സംഘടിപ്പിക്കും. പൗരത്വ ഭേദഗതി നിയമം, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, വിലക്കയറ്റം, കാര്‍ഷിക പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് വന്‍ പ്രക്ഷോഭം നടത്തുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം റാലിയില്‍ അണിനിരക്കും. റാലിക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ രാംലീലാ മൈതാനത്ത് പൂര്‍ത്തിയായി. കോണ്‍ഗ്രസ് നേതാക്കളായ അഹ്മദ് പട്ടേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, അവിനാഷ് പാണ്ഡേ തുടങ്ങിയവര്‍ രാംലീല മൈതാനം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. ഡല്‍ഹി നഗരത്തില്‍നിന്നു അര ലക്ഷം പേരെങ്കിലും റാലിയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം പ്രസിഡന്റ് സുഭാഷ് ചോപ്ര പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ബഹുജനങ്ങളുമടക്കം ഒരു ലക്ഷം പേരെങ്കിലും റാലിക്കെത്തുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് മുഖ്യ വക്താവ് മുകേഷ് ശര്‍മ പറഞ്ഞു. പരമാവധി പ്രവര്‍ത്തകരെയും നേതാക്കളെയുമെല്ലാം അണിനിരത്താണ് കോണ്‍ഗ്രസിന്റെ തീരുമാനം.

       ഡല്‍ഹി റാലിയുടെ തുടര്‍ച്ചയായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം വ്യാപിപ്പിക്കുന്നതിനോടൊപ്പെ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങളിലും സെമിനാറുകളും മറ്റും സംഘടിപ്പിക്കും.





Tags:    

Similar News