സുധാകരന് ഹൈക്കമാന്റ് പിന്തുണ; കൈകള്‍ കോര്‍ത്തുപിടിച്ച് രാഹുല്‍ഗാന്ധി

Update: 2023-06-26 15:30 GMT

ന്യൂഡല്‍ഹി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി ഹൈക്കമാന്റ് രംഗത്ത്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി. ഇതിനു പിന്നാലെ ഇരുവരുടെയും കൈകള്‍ കോര്‍ത്തുപിടിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത രാഹുല്‍ഗാന്ധി 'ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ലെന്ന് വ്യക്തിമാക്കി. കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഒപ്പമുണ്ടായിരുന്നു. നേതാക്കള്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും ചെയ്തു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാട് സ്വീകരിച്ച് ഹൈക്കമാന്റ് നേതൃമാറ്റം വേണ്ടെന്നും നിര്‍ദേശിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ഇല്ലെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം താരിഖ് അന്‍വര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ സതീശനും സുധാകരനും രാഹുലിനോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഗ്രൂപ്പ് പ്രവര്‍ത്തനം സംഘടനയുടെ ഐക്യം തകര്‍ക്കുന്ന വിധത്തിലേക്ക് വളര്‍ന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Tags:    

Similar News