ബെംഗളൂരു സംഘര്‍ഷം: നിരപരാധികളെ വിട്ടയക്കണമെന്ന് കോണ്‍ഗ്രസ്

പോലിസിന്റെയും രഹസ്യാന്വേഷണ വകുപ്പിന്റെയും പരാജയത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ബെംഗളൂരു കലാപം. കലാപം തടയാന്‍ പോലിസ് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു.

Update: 2020-09-28 10:25 GMT

ബെംഗളൂരു: പ്രവാചകനെ നിന്ദിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടി വൈകിയതില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കര്‍ണാടക നിയമസഭാ സ്പീക്കര്‍ ശനിയാഴ്ച അനുമതി നല്‍കിയതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.  ഇതുമായി ബന്ധപ്പെട്ട് 400 ലധികം പേരെ ബെംഗളൂരു പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    ചില നിരപരാധികളെയും പോലിസ് പിടികൂടിയിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പ്രതികള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസ് വാദിക്കുന്നത്. ഞങ്ങള്‍ നിരപരാധികള്‍ക്കൊപ്പമാണ്. കേസില്‍ പോലിസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. പോലിസിന്റെയും രഹസ്യാന്വേഷണ വകുപ്പിന്റെയും പരാജയത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ബെംഗളൂരു കലാപം. കലാപം തടയാന്‍ പോലിസ് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു. പ്രതി നവീന്‍ പ്രവാചകനെ നിന്ദിക്കുന്ന പോസ്റ്റ് ഇട്ടപ്പോള്‍ ചില മുസ് ലിം നേതാക്കള്‍ പരാതിപ്പെടാന്‍ പോയിരുന്നു. പോലിസ് അപ്പോള്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നു. പോലിസിന്റെ കാലതാമസമാണ് കലാപം നിയന്ത്രണാതീതമാകാനുള്ള പ്രധാന കാരണമെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

    ഇക്കഴിഞ്ഞ ആഗസ്ത് 11ന് ബെംഗളൂരു പോലിസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സയ്യിദ് സദ്ദിഖ് അലിയെ അറസ്റ്റ് ചെയ്തതായി എന്‍ ഐഎ അറിയിച്ചു. ബെംഗളൂരുവിലെ 30 സ്ഥലങ്ങളില്‍ എന്‍ഐഎ അന്വേഷണഭാഗമായി തിരച്ചില്‍ നടത്തി. പോലിസ് വെടിവയ്പില്‍ മൂന്നുപേര്‍ ഉള്‍പ്പെടെ നാലു മുസ് ലിംകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബെംഗളൂരു പോലിസ് 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 350 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപി സര്‍ക്കാരും പോലിസും നിരവധി മുസ് ലിം യുവാക്കളെ കള്ളക്കേസില്‍പെടുത്തി അറസ്റ്റ് ചെയ്തതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

Congress demands release of 'innocent people' booked in Bengaluru riot case




Tags:    

Similar News