തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Clash

Update: 2023-01-18 14:19 GMT

ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മജിലിഷ്പൂര്‍ മണ്ഡലത്തിലെ മോഹന്‍പുരിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ അരമണിക്കൂറോളം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ജാര്‍ഖണ്ഡ് പിസിസി അധ്യക്ഷന്‍ ഡോക്ടര്‍ അജയ് കുമാറിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ത്രിപുര അടക്കം മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ നിരീക്ഷണ ചുമതലയുള്ള അജയ് കുമാര്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായിയാണ് മജ്‌ലിഷ്പൂരിലെത്തിയത്. പരിക്കേറ്റ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോഴും റാണിര്‍ബസാര്‍ പോലിസ് സ്‌റ്റേഷനിലുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മാന്‍ പറഞ്ഞു. പ്രദേശത്ത് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകന്‍മാര്‍ സംഘടിച്ചുനില്‍ക്കുന്നതിനാല്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായിട്ടില്ല. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തിനെതിരേ ആക്രമണം നടന്നതെന്നും സുദീപ് റോയ് ആരോപിച്ചു.

സംഘര്‍ഷമുണ്ടായ മജ്‌ലിഷ്പൂര്‍ അടക്കം അഞ്ച് മണ്ഡലങ്ങളില്‍ മറ്റൊരു തിയ്യതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെബ്രുവരി 16ാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിപുരയ്ക്ക് പുറമെ നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇന്ന് വൈകീട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ്. മാര്‍ച്ച് രണ്ടിനാണ് മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.

Tags:    

Similar News