നിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നു-എസ് ഡിപിഐ

Update: 2023-03-15 14:54 GMT

കോഴിക്കോട്: നിയമസഭയെ സംഘര്‍ഷഭരിതമാക്കിയും പരസ്പരം കൈയാങ്കളിയിലൂടെയും ഇടതു വലതു മുന്നണികള്‍ ജനാധിപത്യത്തിന്റെ അന്തസത്തയെ കളങ്കപ്പെടുത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ എംഎല്‍എമാര്‍ക്കും വാച്ച് ആന്റ് വാര്‍ഡുമാര്‍ക്കും പരിക്കേറ്റ സംഭവം നാണക്കേടാണ്. നിയമസഭയില്‍ പോലും സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവാത്ത സര്‍ക്കാര്‍ സംസ്ഥാനത്ത് എങ്ങനെ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ കുറേ നാളുകളായി നിയമസഭയില്‍ പോര്‍വിളികള്‍ മാത്രമാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായതോ വികസനപരമോ ആയ ചര്‍ച്ചകളൊന്നുമല്ല അവിടെ നടക്കുന്നത്. ഭരണകക്ഷി എംഎല്‍എമാരുടെ ധാര്‍ഷ്ട്യമാണ് സഭയെ പ്രക്ഷുബ്ധമാക്കുന്നത്. സ്പീക്കര്‍ തന്റെ സ്ഥാനം മറന്നാണ് പ്രതികരിക്കുന്നത്. സ്പീക്കറുടെ പരാമര്‍ശം അതിര് വിട്ടതാണ്.

    ബ്രഹ്മപുരം വിഷയത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണം വെറും പ്രഹസനമായി മാറരുത്. ക്രൈംബ്രാഞ്ചിന്റെയും പോലിസ് സ്‌പെഷ്യല്‍ ടീമിന്റെയും നേതൃത്വത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സാങ്കേതിക വിദഗ്ധരുടെ സംഘം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സാങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നത് രാഷ്ട്രീയ പശ്ചാത്തലം മാത്രം നോക്കിയാവരുത്. മാലിന്യ വിഷയത്തില്‍ കാര്യക്ഷമവും സത്വരവുമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കോഴിക്കോട് ഞെളിയന്‍പറമ്പിലുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

    എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ഖജാഞ്ചി അഡ്വ. എ കെ സ്വലാഹുദ്ദീന്‍, അഷ്‌റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത് സംസാരിച്ചു.






Tags:    

Similar News