ബൈത്തുല്‍ മുഖദ്ദിസ് സന്ദര്‍ശനത്തിനു പോയ ഏഴംഗ മലയാളിസംഘത്തെ കാണാതായെന്ന് പരാതി

Update: 2023-07-29 11:09 GMT
മലപ്പുറം: ട്രാവല്‍ ഏജന്‍സി വഴി ബൈത്തുല്‍ മുഖദ്ദിസ് സന്ദര്‍ശനത്തിനു പോയ ഏഴംഗ മലയാളി സംഘത്തെ കാണാതായെന്ന് പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്തെ ട്രാവല്‍ ഏജന്‍സി മുഖ്യമന്ത്രിക്കും ഡിജിപിക്കും മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടിനും പരാതി നല്‍കി. ജൂലൈ 25ന് പുറപ്പെട്ട യാത്രാസംഘത്തില്‍പെട്ട രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അപ്രത്യക്ഷരായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ നസീര്‍ അബ്ദുല്‍ റസാഖ് (കുന്നില്‍ വീട്, കുളമുട്ടം, പി.ഒ മൂങ്ങോട്), ഷാജഹാന്‍ അബ്ദുല്‍ ഷുക്കൂര്‍(പാകിസ്താന്‍മുക്ക്, പി.ഒ മിതിര്‍മല, തിരുവനന്തപുരം), ഹകീം അബ്ദുര്‍ റസാഖ് (അഹമ്മദ് മന്‍സില്‍, കുളമുട്ടം, മണമ്പൂര്‍, തിരുവനന്തപുരം), ഷാജഹാന്‍ കിതര്‍ മുഹമ്മദ് (ഒലിപ്പില്‍ കുളമുട്ടം തിരുവനന്തപുരം), ബീഗം ഫന്റാസിയ (ഷഫീഖ് മന്‍സില്‍ പാലക്കല്‍, കടയ്ക്കല്‍, കൊല്ലം), നവാസ് സുലൈമാന്‍ കുഞ്ഞ് (ഷാഹിനാസ് സ്‌ന്നേഹതീരം പുനുകന്നൂര്‍ ചിറയടി, പെരുമ്പുഴ കൊല്ലം), ഭാര്യ ബിന്‍സി ബദറുദ്ദീന്‍ ഷാഹിനാസ് (സ്‌ന്നേഹതീരം പുനുകന്നൂര്‍ ചിറയടി, പെരുമ്പുഴ കൊല്ലം) എന്നിവരെയാണ് വെള്ളിയാഴ്ച മുതല്‍ കാണാതായതെന്ന് ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്റ് ട്രാവല്‍ സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡ് സിഇഒ ഇര്‍ഫാന്‍ നൗഫല്‍, മാനേജര്‍ മുസ മുരിങ്ങേതില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ജോര്‍ദന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് സന്ദര്‍ശനം നടത്തിയിരുന്നത്. ബൈത്തുല്‍ മുഖദ്ദിസിലെത്തിയ ശേഷം ഏഴുപേരെ കാണാനില്ലെന്നാണ് ട്രാവല്‍സ് ഉടമകള്‍ പറയുന്നത്. ഇവര്‍ ബോധപൂര്‍വം മുങ്ങിയതാണെന്നും കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇവരെ കണ്ടെത്താനാവാത്തതിനാല്‍ യാത്രാസംഘത്തിലെ ബാക്കിയുള്ളവരെ ഇസ്രായേലിലെ ടൂര്‍ ഏജന്റ് തടഞ്ഞുവച്ചിരിക്കയാണെന്നും ഇവരെ കണ്ടെത്തിയില്ലെങ്കില്‍ പിഴയായി ഓരോ അംഗത്തിനും 15,000 ഡോളര്‍ വീതം അടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതും ഉടമകള്‍ പറഞ്ഞു. നിശ്ചയിച്ച തിയ്യതി പ്രകാരം നാളെയാണ് സംഘം ഇസ്രായേലില്‍ നിന്ന് തിരിക്കേണ്ടത്. ഹോട്ടലില്‍ നാളെ കൂടി താമസിക്കാനുള്ള അനുവാദം മാത്രമാണുള്ളത്. ടൂര്‍ ഏജന്‍സി യാത്രാസംഘത്തെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായി ട്രാവല്‍സ് ഉടമകള്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. സുലൈമാന്‍ എന്നയാളാണ് കാണാതായ ഏഴ് പേര്‍ക്കും വേണ്ടി ഫെഡറല്‍ ബാങ്ക് അടൂര്‍ ശാഖയില്‍ നിന്ന് ഓണ്‍ലൈനായി പണമടച്ചത്. സുലൈമാനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമാവുന്നില്ലെന്ന് ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ ജലീല്‍ മങ്കരത്തൊടി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായി സംഘടിപ്പിച്ച യാത്രയില്‍ നാലുപേരെ കാണാതായിരുന്നു. അവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലിസിന് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

Tags:    

Similar News